കൊടുങ്ങല്ലൂർ: ബസുകളുടെ മത്സര ഓട്ടത്തിനെതിരെ നടപടിയെടുക്കണമെന്ന് അപ്ലിക്കന്റ്‌സ് ആൻഡ് കൺസ്യൂമേഴ്‌സ് ഫോറം കമ്മിറ്റി ആവശ്യപ്പെട്ടു. തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിലാണ് ബസുകളുടെ മത്സര ഓട്ടം പ്രധാനമായും നടക്കുന്നത്. അമിത വേഗംമൂലം അപകടങ്ങളും, നിരത്തുകളിൽ ജീവൻ പൊലിയുന്നതും വർദ്ധിച്ചു വരുന്നതായുള്ള റിപ്പോർട്ടുകളിൽ യോഗം ആശങ്ക രേഖപ്പെടുത്തി. അപകടരഹിതമായ യാത്രക്ക് അനുയോജ്യമായ രീതിയിൽ ബസുകളുടെ സമയക്രമം പുന:ക്രമീകരിക്കണമെന്നും, ജീവനക്കാരുടെ മോശം പെരുമാറ്റത്തിന് പരിഹാരം വേണമെന്നും, പ്രായമായവർക്കും ശാരീരിക വിഷമതകളുള്ളവർക്കും മാത്രമായി പ്രത്യേക സർവീസുകൾ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഫോറം വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് കണ്ണാംകുളത്ത് അദ്ധ്യക്ഷനായി. സെക്രട്ടറി സി.എസ്. തിലകൻ, ശ്രീകുമാർ ശർമ, അഡ്വ. അബ്ദുൾ ഖാദർ കണ്ണേഴത്ത്, എം.കെ. സഹീർ, എൻ.കെ. ജയരാജ്, കെ.കെ. മൊയ്തീൻ കുട്ടി, പ്രൊഫ. സുലേഖ ഹമീദ് എന്നിവർ സംസാരിച്ചു.