ഇരിങ്ങാലക്കുട: നാടിന്റെ വികസനത്തിന് യുവാക്കളെ പ്രാപ്തരാക്കാൻ അവരുടെ തൊഴിൽ മേഖലകളിൽ നൈപുണ്യം ലഭ്യമാക്കൽ അനിവാര്യമാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. അസാപ് കേരളയുടെ നേതൃത്വത്തിൽ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിൽ നടത്തുന്ന നൈപുണ്യ മേളയുടെയും നൈപുണ്യ പരിശീലനത്തിലൂടെ തൊഴിൽ നേടാൻ പ്രാപ്തമാക്കുന്ന കെ- സ്‌കിൽ കാമ്പയിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുയായിരുന്നു മന്ത്രി.
പരമ്പരാഗത കോഴ്‌സുകൾ ക്ലാസ് മുറികളുടെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിപോകുന്ന സാഹചര്യത്തിൽ പ്രായോഗിക പരിശീലനം നേടാൻ സാഹചര്യം ഒരുക്കേണ്ടതുണ്ട്. അഭ്യസ്തവിദ്യരുടെ നൈപുണ്യത്തിലുള്ള കുറവ് തൊഴിൽ ലഭിക്കാൻ തടസമാകുന്നു. ഈ സാഹചര്യത്തിൽ അസാപ് കേരളത്തിൽ വലിയ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന പരിപാടിയിൽ ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് അദ്ധ്യക്ഷയായി.
വിവിധ തൊഴിൽ മേഖലകൾ, അതുമായി ബന്ധപ്പെട്ട കോഴ്സുകൾ, കോഴ്സിന്റെ പ്രത്യേകതകൾ, തൊഴിൽ സാദ്ധ്യതകൾ, സർട്ടിഫിക്കേഷൻ, പരിശീലനം നൽകുന്ന വ്യവസായ സ്ഥാപനങ്ങളുടെ വിവരങ്ങൾ എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ജൂലായ് ആദ്യവാരം ആരംഭിച്ച ഓൺലൈൻ രജിസ്‌ട്രേഷനിലൂടെ 2,500 പേരും സ്‌പോട്ട് രജിസ്‌ട്രേഷൻ വഴി 187 പേരും പങ്കെടുത്തു. നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട് ക്രൈസ്റ്റ് കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവയുമായി അസാപ് ധാരണാപത്രത്തിൽ ഒപ്പുവച്ചു.
അസാപ് കേരള ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഉഷ ടൈറ്റസ്, നഗരസഭ ചെയർപേഴ്‌സൺ സോണിയ ഗിരി, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, ലത ചന്ദ്രൻ, ഷീല അജയഘോഷ് എന്നിവർ പങ്കെടുത്തു.