1
കേരളവർമ്മ പബ്ലിക് ലൈബ്രറിയിൽ നടന്ന ഭരതം, ലളിതം സ്മൃതി പരിപാടി ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി: ദേശീയ അവാർഡ് തനിക്ക് നൽകിയതിനെ വിമർശിക്കുന്നവരോട് ഇഷ്ടം മാത്രമെന്ന് നഞ്ചിയമ്മ. പാടുന്നതിൽ തെറ്റുകളുണ്ടാവാം. പാടുമ്പോൾ സന്തോഷമാണ് ലഭിക്കുന്നത്. നഞ്ചിയമ്മ പറഞ്ഞു. ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറിയുടെ ഭരതം, ലളിതം സ്മൃതി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മ പ്രസിദ്ധമായ തന്റെ ഗാനം സദസിനായി ആലപിച്ചു. സേവ്യർ ചിറ്റിലപ്പളളി എം.എൽ.എ അദ്ധ്യക്ഷനായി. നിറച്ചാർത്ത് ദേശീയ ക്യാമ്പിൽ സഹോദരികളായ അസ്‌നയും തസ്‌നിയും ഒറ്റ ക്യാൻവാസിൽ രചിച്ച കെ.പി.എ.സി ലളിതയുടെ ഛായാചിത്രം എ.സി. മൊയ്തീൻ എം.എൽ.എ അനാഛാദനം ചെയ്ത് ലളിത അനുസ്മരണം നിർവഹിച്ചു. നടൻ ജയരാജ് വാര്യരായിരുന്നു ഭരതൻ സ്മൃതി പ്രഭാഷണം നടത്തിയത്. മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഗോകുൽദാസിനെ ചടങ്ങിൽ ആദരിച്ചു. സിദ്ധാർത്ഥ് ഭരതൻ, ഗോകുൽദാസ്, നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.ആർ. അനുപ് കിഷോർ, ലൈബ്രറി പ്രസിഡന്റ് വി. മുരളി, സെക്രട്ടറി ജി. സത്യൻ, ഭരതൻ ഫൗണ്ടേഷൻ കൺവീനർ മാരാത്ത് വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.