foto

തൃശൂർ: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ നൂറ് മേനി വിജയം കൊയ്ത് മുന്നേറുകയാണെന്നും പൊതുവിദ്യാഭ്യാസം മെച്ചപ്പെട്ടതോടൊപ്പം അതിന്റെ ഗുണഭോക്താക്കളായ സാധാരണ കുടുംബങ്ങളിലെ വിദ്യാർത്ഥികൾ മിന്നും ജയം നേടുകയാണെന്നും നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്. ഒല്ലൂർ എം.എൽ.എ വിദ്യാഭ്യാസ അവാർഡ് പ്രതിഭാ സംഗമം 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. അഞ്ച് വയസ് തികഞ്ഞ കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുകയെന്ന കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം നൂറ് ശതമാനം വിജയത്തോടെ നടപ്പിലാക്കുന്നത് കേരളം ആണെന്നതിൽ നമുക്കെല്ലാം അഭിമാനിക്കാമെന്നും സ്പീക്കർ പറഞ്ഞു. സ്ഥലം എം.എൽ.എ കൂടിയായ റവന്യൂമന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. 15 ഓളം സ്കൂളുകൾക്കും 450 ഓളം വിദ്യാർത്ഥികൾക്കും അവാർഡ് നൽകാനായത് സർക്കാരിൻ്റെ നൂതന വിദ്യാഭ്യാസ നയം മൂലവും അദ്ധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമം മൂലവുമാണെന്നും അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ.രാജൻ പറഞ്ഞു. മേയർ എം.കെ.വർഗീസ്, കളക്ടർ ഹരിത വി.കുമാർ, വർഗ്ഗീസ് കണ്ടംകുളത്തി, എം.വിജയൻ, ജയരാജ് വാര്യർ, ആലങ്കോട് ലീലാകൃഷ്ണൻ, ബി.കെ.ഹരിനാരായണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.രവി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിര മോഹൻ, മിനി ഉണ്ണിക്കൃഷ്ണൻ, പി.പി.രവീന്ദ്രൻ, ശ്രീവിദ്യ രാജേഷ്, രാഷ്ട്രീയ നേതാക്കളായ പി.ഡി റജി, എം.എസ് പ്രദീപ്കുമാർ, കെ.പി പോൾ എന്നിവർ സംസാരിച്ചു. ആദരിച്ചത് 421 വിദ്യാർത്ഥികളെ ഒല്ലൂർ നിയോജക മണ്ഡലത്തിലെ 42 സ്‌കൂളുകളിൽ നിന്നായി നൂറ് മേനി വിജയം നേടിയ 421 വിദ്യാർത്ഥികളെയും 13 സ്‌കൂളുകളെയും ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ 254 പേരും പ്ലസ് ടുവിൽ 167 പേരുമാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.