guruvayoor

ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെ വരവറിയിച്ച് ആഗസ്റ്റ് മൂന്നിന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിക്കും. രാവിലെ 9.18മുതൽ 11.18 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് ഇല്ലംനിറ ചടങ്ങുകൾ. പുന്നെല്ലിന്റെ കതിർക്കറ്റകൾ ക്ഷേത്രത്തിലെത്തിച്ച് പൂജിച്ച് ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കുന്നതാണ് ഇല്ലം നിറ. ക്ഷേത്രം മേൽശാന്തി സർവൈശ്വര്യ പൂജയും, ലക്ഷ്മി പൂജയും നടത്തിയ ശേഷം ചൈതന്യവത്തായ കതിരുകളിൽ ഒരുപിടി പട്ടിൽ പൊതിഞ്ഞ് ഗുരുവായൂരപ്പന്റെ പാദങ്ങളിൽ സമർപ്പിച്ച് ശ്രീലകത്ത് ചാർത്തും.

പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും. ഇല്ലംനിറ ചടങ്ങ് നടക്കുന്നതിനാൽ രാവിലെ 8.15 മുതൽ ഭക്തർക്ക് നാലമ്പലത്തിൽ പ്രവേശനം ഉണ്ടാകില്ല. കൊടിമരത്തിന് സമീപം നിന്ന് ഭക്തർക്ക് ദർശനം നടത്താം. ഗുരുവായൂർ ക്ഷേത്രത്തിലെ തൃപ്പുത്തരി ആഘോഷം സെപ്തംബർ മൂന്നിനാണ്. രാവിലെ 7.48 മുതൽ 9.09 വരെയുള്ള മുഹൂർത്തത്തിലാണ് തൃപ്പുത്തരി.