
തൃശൂർ: ചാവക്കാട് പുന്നയൂർ കുരഞ്ഞിയൂർ സ്വദേശിയായ 22കാരൻ മരിച്ചത് മങ്കിപോക്‌സ് മൂലമെന്ന് സംശയം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ ചികിത്സയിലിരിക്കേയാണ് മരണം.
വിദേശത്ത് നിന്നുമെത്തിയ യുവാവിനെ മൂന്ന് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യു.എ.ഇയിൽ നിന്നെത്തിയ യുവാവ് അവിടെ മങ്കി പോക്‌സുള്ള ആളുമായി സമ്പർക്കം പുലർത്തിയിരുന്നതായി സംശയമുണ്ട്. അവിടെ സാമ്പിൾ പരിശോധന നടത്തിയിരുന്നു. പ്രത്യക്ഷത്തിൽ അതിന്റെ ലക്ഷണങ്ങൾ കണ്ടെത്താനായിട്ടില്ലെന്ന് പറയുന്നു. പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും മേൽനോട്ടത്തിൽ കർശന നിബന്ധനകളോടെ മൃതദേഹം സംസ്‌കരിക്കാൻ അനുമതി നൽകി.
സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. പരിശോധനാഫലം വന്ന ശേഷമേ രോഗം സ്ഥിരീകരിക്കാനാവൂ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്ന് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പ് അധികൃതരും പറഞ്ഞു.