
ചന്ദ്രന് വീഴ്ച പറ്റിയെന്ന് സി.പി.എം
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഭരണസമിതിക്കും സെക്രട്ടറിക്കുമാണ് പൂർണ ഉത്തരവാദിത്വമെന്ന് ആരോപണവിധേയനും സി.പി.എമ്മിൽ നിന്ന് പുറത്താക്കിയ മുൻജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ. ചന്ദ്രൻ.
അതേസമയം സി.കെ.ചന്ദ്രന് വീഴ്ച പറ്റിയിട്ടുണ്ടെന്നും അതിനാലാണ് അദ്ദേഹത്തിനെതിരെ ശക്തമായ നടപടി പാർട്ടി എടുത്തതെന്നുമായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസിന്റെ മറുപടി.
തട്ടിപ്പിൽ പങ്കാളിത്തമില്ല. ലോണിനായി ആർക്കും ശുപാർശ നൽകിയില്ല. ഭരണസമിതിക്കും സെക്രട്ടറിക്കുമാണ് ലോൺ പാസാക്കുന്നതിന്റെ ഉത്തരവാദിത്വം. എനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നതിന്റെ അടിസ്ഥാനം എന്തെന്ന് അറിയില്ല. ബാങ്കിലെ ഒരു പദവിയും എനിക്കില്ല. തട്ടിപ്പ് അറിഞ്ഞപ്പാൾ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കെതിരെ നടപടിയെടുത്തിരുന്നു. വലിയ ആസ്തിയുള്ള ബാങ്കാണിത്. അതുകൊണ്ടു തന്നെ നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ല. താത്കാലികമായ പ്രതിസന്ധിയാണിതെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്- ചന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ബാങ്കിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും ചന്ദ്രന് അറിയാമായിരുന്നുവെന്നും തട്ടിപ്പിന്റെ വിവരങ്ങൾ അറിയിക്കാത്തതിനാലാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നും എം.എം വർഗീസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒരാളെയും സംരക്ഷിക്കില്ലെന്നും വർഗീസ് വ്യക്തമാക്കി.