1

തൃശൂർ: കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ചവരും പാർട്ടിതലത്തിൽ നടപടി നേരിട്ടവരും അറസ്റ്റിലായവരും അവരുടെ കുടുംബാംഗങ്ങളും വരെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയതോടെ പ്രതിഷേധാഗ്‌നി ഉടനെയൊന്നും ശമിക്കില്ലെന്ന് ഉറപ്പായി. യു.ഡി.എഫും ബി.ജെ.പിയും പ്രതിഷേധം കടുപ്പിക്കുന്നതോടെ പ്രതിരാേധം തീർക്കാൻ സി.പി.എം ഏറെ വിയർക്കേണ്ടി വരും.

സഹകരണ ബാങ്കുകളുടെ ചരിത്രത്തിലെ തന്നെ വൻ തട്ടിപ്പ് നടന്ന കരുവന്നൂരിൽ, പണമില്ലാത്തതിനാൽ വിദഗ്ദ്ധ ചികിത്സ കിട്ടാതെ നിക്ഷേപക മരിച്ചതിന് പിന്നാലെ ഉയരുന്ന പരാതികളും സംസ്ഥാന നേതൃത്വത്തെ തന്നെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നിക്ഷേപക ഫിലോമിനയുടെ മൃതദേഹം ബാങ്കിന് മുന്നിൽ വച്ച് പ്രതിഷേധിച്ചത് ഉൾപ്പെടെ കോൺഗ്രസും ബി.ജെ.പിയും രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. നിക്ഷേപ തട്ടിപ്പിനിരയായ വൃക്കരോഗിയായ മാപ്രാണം സ്വദേശി ജോസഫിനും കുടുംബത്തിനും ഒരു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് നടൻ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു.

സാമ്പത്തിക ക്രമക്കേടിൽ പ്രതിസന്ധിയിലായ കരുവന്നൂർ ബാങ്കിൽ നിന്നും പ്രഖ്യാപിച്ച ആശ്വാസ വാഗ്ദാനങ്ങളെല്ലാം പാഴ്‌വാക്കായപ്പോൾ ആശങ്കയിൽ കഴിയുന്നത് പതിനായിരത്തിലേറെ നിക്ഷേപകരാണ്.

ദിവസം പരമാവധി 25 പേർക്ക് 10,000 രൂപ വീതം തിരികെ നൽകാമെന്നായിരുന്നു ബാങ്കിന്റെ ആദ്യവാഗ്ദാനം. എന്നാൽ നിക്ഷേപകർക്ക് ഒരാഴ്ചയിൽ ഒരു തവണ 10,000 രൂപ മാത്രമേ പിൻവലിക്കാനാകൂവെന്ന നിബന്ധനയും ഉണ്ടായിരുന്നു. പക്ഷേ, അതുപോലും നടപ്പായില്ല. പ്രവാസജീവിതത്തിൽ നിന്ന് സ്വരുക്കൂട്ടിയതും ജോലിയിൽ നിന്ന് വിരമിക്കുമ്പാേൾ കിട്ടിയതുമെല്ലാം മക്കളുടെ കല്യാണത്തിനും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി നിക്ഷേപിച്ചവരാണ് ഇതോടെ കുടുങ്ങിയത്.

കുറ്റപത്രം സങ്കീർണ്ണം

ഏറെ സങ്കീർണതകളുള്ള കേസായതിനാൽ കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചിട്ടില്ല. കുറ്റപത്രം ഇനിയും വൈകുമെന്നും ഉറപ്പായി. തട്ടിപ്പിന് കൂട്ടുനിന്ന സഹകരണ വകുപ്പിലെ 16 ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തെങ്കിലും ഒമ്പത് മാസത്തിന് ശേഷം തിരിച്ചെടുത്തു. ഭരണസമിതി അംഗങ്ങളടക്കം 16 പേർ കേസിൽ അറസ്റ്റിലായിരുന്നു. മൂന്ന് പേർ മാത്രമാണ് ഇപ്പോൾ ജയിലിലുള്ളത്. തട്ടിപ്പ് പുറംലോകം അറിഞ്ഞതോടെ, ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തി. പിന്നീട് അഡ്മിനിട്രേറ്ററെ മാറ്റി അഡ്മിനിസ്‌ട്രേറ്റീവ് സമിതിയെ നിയോഗിക്കുകയായിരുന്നു.

100 വർഷത്തിലേറെ പ്രവർത്തന പാരമ്പര്യം, ആരംഭിച്ചത് 1921ൽ.
സ്ഥാപകർ കരുവന്നൂരിലെയും സമീപങ്ങളിലെയും കോൾപടവ് കർഷകർ.
മികച്ച പ്രവർത്തന പാരമ്പര്യവും വിശ്വാസവും കൊണ്ട് നിക്ഷേപം ഒഴുകി.
അഞ്ച് ശാഖകളും ഒരു എ‌ക്‌സ്റ്റൻഷൻ സെന്ററും മൂന്ന് സൂപ്പർമാർക്കറ്റുകളും മൂന്ന് നീതി സ്റ്റോറുകളുമായി.
പേപ്പർ ബാഗ് യൂണിറ്റും ജനസേവനകേന്ദ്രവും റബ്‌കോ വളം ഏജൻസിയും 150ഓളം ജീവനക്കാരുമായി വളർന്നു.
40 വർഷമായി സി.പി.എം ഭരണസമിതിയുടെ കീഴിൽ.
2015 - 16 സാമ്പത്തിക വർഷം ഉണ്ടായിരുന്നത് 501 കോടിയുടെ നിക്ഷേപം.
ക്രമക്കേടിന്റെ സൂചന വന്നപ്പോൾ 2016 - 17ൽ നക്ഷേപം 424 കോടിയായി.
201718ൽ ഇത് 405 കോടിയും പിന്നീട് 340 കോടിയായും കുറഞ്ഞു.
തട്ടിപ്പ് റിപ്പോർട്ട് ചെയ്ത സാമ്പത്തിക വർഷം നിക്ഷേപം ഇടിഞ്ഞു, 301 കോടി