കൊടുങ്ങല്ലൂർ: മത്സ്യബന്ധനത്തിനിടെ വടം പൊട്ടി വീണ് രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. വെസ്റ്റ് ബംഗാൾ സ്വദേശി നിഥായ് ദാസ് (50), പേബസാർ പോണത്ത് ജോഷി (56) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊടുങ്ങല്ലൂർ എ.ആർ. മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 45 മത്സ്യത്തൊഴിലാളികളുമായി കടലിൽ പോയ ശ്രീകൃഷ്ണ പ്രസാദം എന്ന വള്ളത്തിലായിരുന്നു അപകടം. ഒമ്പത് കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് സംഭവം നടന്നത്. മത്സ്യബന്ധനത്തിനിടയിൽ മീൻവല ഉയർത്തവെ വടം മുറിഞ്ഞ് അതിലുണ്ടായിരുന്ന ലോഹഭാഗം ശരീരത്തിൽ തറഞ്ഞാണ് അപകടം ന‌ടന്നത്. വിവരം അറിയിച്ചതിനെ തുടർന്ന് അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷൻ ബോട്ട് പട്രോളിംഗ് സംഘം എസ്.ഐ: ശിവൻ കെ.ബിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. പരിക്കേറ്റ് അത്യാസന്ന നിലയിലായിരുന്ന മത്സ്യത്തൊഴിലാളികളെ അഴീക്കോട് ബോട്ട് ജെട്ടിയിലെത്തിക്കുകയും തുടർന്ന് ആംബുലൻസിൽ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെന്ററിലേക്ക് എത്തിക്കുകയുമായിരുന്നു. രക്ഷാപ്രവർത്തനത്തിൽ സിവിൽ പൊലീസ് ഓഫീസർ എ.എൻ. സിജു, പൊലീസ് ബോട്ട് ക്രൂസുമാരായ ഹാരീസ്, സുജിത്ത്, അജ്മൽ, വിപിൻ എന്നിവരും പങ്കെടുത്തു.