ചിറ്റാട്ടുകര: എളവള്ളി പഞ്ചായത്തിലെ മിനി വ്യവസായ എസ്റ്റേറ്റിൽ വനിത കയർ ഉത്പാദക യൂണിറ്റിന് കെട്ടിടം നിർമ്മിച്ചു. എളവള്ളി പഞ്ചായത്തും മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ജനകീയാസൂത്രണ പദ്ധതിയിൽ 25 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം നിർമ്മിച്ചത്. 50 പേരടങ്ങുന്ന കയർ നിർമ്മാണ തൊഴിലാളികളുടെ ഒരു സംഘം രൂപീകരിച്ച് കയർ ബോർഡുമായി സഹകരിച്ചാണ് ഉത്പാദനം നടത്തുന്നത്. യൂണിറ്റിന് ആവശ്യമായ 10 മെഷീനുകൾ സംഘത്തിന് കയർബോർഡ് സൗജന്യമായി നൽകും. ട്രാൻസ്‌ഫോർമർ, ഇലക്ട്രിക് ഫിറ്റിംഗ്‌സ് എന്നിവയ്ക്ക് പഞ്ചായത്ത് പണം നീക്കിവച്ചിട്ടുണ്ട്.
കെട്ടിടത്തിന്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് അദ്ധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് അസി. എൻജിനിയർ ബാബു കെ.പോൾ റിപ്പോർട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറി തോമസ് രാജൻ എന്നിവരും പ്രസംഗിച്ചു.

പ്രവർത്തനം ഇപ്രകാരം
ഉത്പാദനത്തിന് ആവശ്യമായ ചകിരിത്തൊണ്ട് നാളികേര ക്ലസ്റ്ററുകൾ വഴി സംഭരിക്കും. ഉത്പ്പാദിപ്പിക്കുന്ന കയർ മുഴുവനായും കയർബോർഡ് ഏറ്റെടുക്കും. ഒരു തൊഴിലാളിക്ക് പ്രതിദിനം 300 മുതൽ 500 രൂപ വരെ വേതനം ലഭിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ലഭ്യമാകുന്ന ചകിരിച്ചോറ് ബാക്ടീരിയ കടത്തിവിട്ട് ഇനാക്കുലം നിർമ്മിച്ച് ബയോഡൈജസ്റ്റർ പോട്ടുകളിൽ ഉപയോഗിക്കുന്നതിനായി വിതരണം ചെയ്യും.

പദ്ധതി നടപ്പിൽ വരുന്നതോടെ വനിതാ തൊഴിൽദാതാക്കൾക്ക് പുതിയൊരു അവസരം ഒരുങ്ങും.
-ജിയോഫോക്‌സ്
(പഞ്ചായത്ത് പ്രസിഡന്റ്, എളവള്ളി)