തൃശൂർ: സമൃദ്ധിയുടെ ഐതിഹ്യപ്പെരുമയുമായി ക്ഷേത്രങ്ങളിൽ ഇല്ലംനിറ ഭക്തിസാന്ദ്രം. അമവാസി കഴിഞ്ഞുള്ള ആദ്യ ഞായറാഴ്ചയാണ് ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഇല്ലംനിറ ആഘോഷം നടക്കാറുള്ളത്. ആഘോഷങ്ങളിൽ നിരവധി ഭക്തർ പങ്കെടുത്തു.
പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും മറ്റനേകം ക്ഷേത്രങ്ങളിലും ചടങ്ങുകൾ നടന്നു. പാറമേക്കാവിൽ ഗോപൂജയുണ്ടായി. ക്ഷേത്രം തന്ത്രിയുടെയും മേൽശാന്തിയുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ക്ഷേത്രം ഭരണസമിതി അംഗങ്ങൾ സംബന്ധിച്ചു. ഭക്തർക്ക് പൂജിച്ച കതിർക്കറ്റകൾ വിതരണം ചെയ്തു.
ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിനിർഭരമായി. പള്ളിയുണർത്തൽ, നിർമാല്യദർശനം എന്നിവയ്ക്കുശേഷം ശാസ്താവിന് 108 കരിക്കഭിഷേകം നടന്നു. ക്ഷേത്രം പത്തായപ്പുരയിലും നെല്ലറയിലും മറ്റും കതിരുകൾ സമർപ്പിച്ചതിനു ശേഷം നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകി. ചടങ്ങുകൾക്ക് മേൽശാന്തിമാർ കൂറ്റംപ്പിള്ളി മന പത്മനാഭൻ നമ്പൂതിരി, മൂർക്കനാട് മന മോഹനൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.