നാളെ മുതൽ ജില്ലയിൽ ഓറഞ്ച് അലർട്ട്
തൃശൂർ: നാളെ മുതൽ മുതൽ അതിശക്തമായ മഴയ്ക്കു സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജാഗ്രതയോടെ ജില്ലാ ഭരണകൂടം. എല്ലാ അടിയന്തര സാഹചര്യങ്ങളും നേരിടുന്നതിനുള്ള സജ്ജീകരണം ഒരുക്കുന്ന തയ്യാറെടുപ്പിലാണ് അധികൃതർ.
മഴ ശക്തമായാൽ ചാലക്കുടിപ്പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ക്യാമ്പുകളിലേക്ക് മാറേണ്ടിവരും. അതിനുള്ള തയ്യാറെടുപ്പുകൾ മുൻകൂട്ടി നടത്തണം. വിലപിടിപ്പുള്ള വസ്തുക്കൾ, രേഖകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ സജ്ജമാക്കി വയ്ക്കണം.
മഴ ഇല്ലാതിരുന്ന കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഡാമുകളിലെ ജലം നിയന്ത്രിത അളവിൽ തുറന്നുവിട്ടതിനാൽ ജലനിരപ്പ് ക്രമീകരിക്കാനായിട്ടുണ്ട്. എന്നാൽ മഴ ശക്തമാകുന്നതോടെ ജലനിരപ്പ് ഉയർന്ന് ഡാം തുറക്കേണ്ടിവന്നാൽ ജനങ്ങളെ ഒഴിപ്പിക്കുന്നത് അടക്കമുള്ള എല്ലാ നടപടികളും കൈക്കൊള്ളാൻ തദ്ദേശ സ്ഥാപനങ്ങൾക്കും റവന്യൂ, പൊലീസ്, ഫയർഫോഴ്‌സ് ഉൾപ്പെടെയുള്ളവർക്കും നിർദ്ദേശം നൽകി.
ആളുകളെ താമസിപ്പിക്കുന്നതിനുള്ള ക്യാമ്പുകൾ സജ്ജമാക്കി വെള്ളം, വെളിച്ചം ഉൾപ്പെടെയുള്ള സൗകര്യം ഉറപ്പാക്കണം. വില്ലേജ് ഓഫീസർമാർ ഇക്കാര്യം പരിശോധിച്ച് ഇന്നു രാവിലെ പത്തോടെ റിപ്പോർട്ട് നൽകണമെന്നാണ് തഹസിൽദാർമാർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.
ചാലക്കുടി പുഴയ്ക്കു പുറമെ, മണലി, കുറുമാലി, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ജില്ലയിൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളും ആവശ്യമായി വന്നാൽ മാറിത്താമസിക്കുന്നതിനുള്ള ഒരുക്കം നേരത്തേ നടത്തണം. തീരപ്രദേശങ്ങളിലുള്ളവരും വെള്ളം കയറാൻ സാദ്ധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം.
അടിയന്തര സാഹചര്യം മുൻനിറുത്തി താലൂക്ക് തല എമർജൻസി ഓപറേഷൻ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഓരോ സ്ഥലത്തെയും ദുരന്തനിവാരണ ഉപകരണങ്ങൾ ഉപയോഗ സജ്ജമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. വില്ലേജ് ഓഫീസർമാർ ഉൾപ്പെടെയുള്ളവർ 24 മണിക്കൂറും ഹെഡ് കാർട്ടേഴ്‌സിലുണ്ടാകണം. ഇന്ന് ഉച്ചയോടെ ഹാം റേഡിയോ സംവിധാനം പ്രവർത്തന സജ്ജമാക്കും.
- ഹരിത വി. കുമാർ, കളക്ടർ