
തൃശൂർ/ചാവക്കാട്: പുന്നയൂരിൽ മങ്കി പോക്‌സ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച യുവാവിന് വിദേശത്ത് രോഗം സ്ഥിരീകരിച്ചിരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചതിനെത്തുടർന്ന് അതീവ ജാഗ്രത.
വിദേശത്തെ പരിശോധനാഫലം പോസിറ്റീവായിരുന്നുവെന്ന റിപ്പോർട്ട് യുവാവ് മരിച്ച ദിവസമാണ് ചികിത്സിച്ചിരുന്ന സ്വകാര്യ ആശുപത്രി അധികൃതർക്ക് ബന്ധുക്കൾ നൽകിയത്.
മരിച്ചയാളുടെ മൊബൈലിൽ പരിശോധനാ ഫലത്തിന്റെ സന്ദേശമുണ്ട്. കഴിഞ്ഞ 21നാണ് ചാവക്കാട് സ്വദേശിയായ യുവാവ് യു.എ.ഇയിൽ നിന്ന് നാട്ടിലെത്തിയത്. പനി ഉണ്ടായിരുന്നതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആദ്യം ചികിത്സ തേടി. പിന്നീട് വീട്ടിലേക്ക് വന്ന യുവാവ് തുടർന്ന് തൃശൂരിലെ ആശുപത്രിയിലെത്തി. കഴല വീക്കം
പൊട്ടിയൊലിച്ചിരുന്നു. വെള്ളിയാഴ്ച സ്ഥിതി മോശമായി.സംശയത്തെത്തുടർന്നാണ് സ്രവ സാമ്പിളുകൾ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചത്. അതിന്റെ ഫലം ഇന്ന് ലഭിച്ചേക്കും. മങ്കി പോക്‌സിന് വലിയ വ്യാപനശേഷിയില്ലെന്നും പ്രതിരോധ മാർഗങ്ങളാണ് പ്രധാനമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
റൂട്ട് മാപ്പ് തയ്യാർ,
ഇന്ന് യോഗം
മരിച്ച യുവാവിന് വിപുലമായ സമ്പർക്കമുണ്ടായെന്നാണ് നിഗമനം. ഇതനുസരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. 21ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇയാളെ നാലു പേരാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. കുടുംബക്കാരുമായി സമ്പർക്കം പുലർത്തി. യുവാവിനെ എയർപോർട്ടിൽ നിന്നും കൊണ്ടുവന്നവരെയും കൂടെ ഫുട്‌ബാൾ കളിച്ചവരെയും വീട്ടുകാരെയും ക്വാറന്റൈനിൽ പ്രവേശിപ്പിക്കും.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം ചേർന്നു.
29ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുരഞ്ഞിയൂർ സ്വദേശിയായ യുവാവ് 30നാണ് മരിച്ചത്. പ്രദേശം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
മങ്കി പോക്‌സ് മരണം: അന്വേഷണത്തിന്
ഉന്നതസംഘത്തെ നിയമിക്കുമെന്ന് വീണാജോർജ്
പത്തനംതിട്ട : തൃശൂരിൽ മങ്കിപോക്സ് സംശയിക്കുന്ന യുവാവ് മരിച്ച സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിനായി ഉന്നതതലസംഘത്തെ നിയമിക്കും. മങ്കിപോക്സ് ലക്ഷണങ്ങളില്ലാതിരുന്ന യുവാവ് കടുത്ത ക്ഷീണവും മസ്തിഷ്ക്കജ്വരവും കാരണമാണ് ചികിത്സ തേടിയത്. വിദേശത്ത് നടത്തിയ മങ്കിപോക്സ് പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു എന്ന വിവരം ഇന്നലെയാണ് ബന്ധുക്കൾ തൃശൂർ ആശുപത്രി അധികൃതരെ അറിയിച്ചത്. ഈ മാസം 21ന് നാട്ടിലെത്തിയ യുവാവ് ബന്ധുക്കൾക്കൊപ്പമായിരുന്നു താമസം. 27ന് ചികിത്സ തേടി. എന്തുകൊണ്ട് ചികിത്സതേടാൻ വൈകി എന്നും അന്വേഷിക്കും. യുവാവിന്റെ സാമ്പിൾ ഒരിക്കൽക്കൂടി ആലപ്പുഴയിലെ വൈറോളജി ലാബിൽ പരിശോധിക്കുമെന്നും വീണാജോർജ് പറഞ്ഞു.