വടക്കാഞ്ചേരി: മുള്ളൂർക്കര ഇരുന്നിലംകോട് മഹാദേവ ക്ഷേത്രത്തിലെ ഇല്ലംനിറയും തൃപ്പുത്തരി നിവേദ്യവും ഭക്തിസാന്ദ്രമായി കൊണ്ടാടി. നിരവധി ഭക്തർ ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്ര സംരക്ഷണം സമിതി ഭാരവാഹികളുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. ഞായറാഴ്ച രാവിലെ 5 മണിക്ക് ക്ഷേത്ര പൂജാരി പ്രബിൻ തിരുമേനിയുടെ നേതൃത്വത്തിൽ പൂജാകർമ്മങ്ങൾ നടന്നു. തുടർന്ന് ഭക്തർക്ക് നൽകാനുള്ള നെൽക്കതിരുകൾ ക്ഷേത്ര ഭാരവാഹികൾ തലയിൽ ചുമന്ന് ക്ഷേത്രത്തിലെത്തിച്ചു. പൂജാ കർമ്മങ്ങൾക്ക് ശേഷം ഭക്തർക്ക് വീടുകളിൽ വയ്ക്കാനായി നെൽക്കതിരുകൾ നൽകി. ഈ നെൽക്കതിരുകൾ വീട്ടിൽ സൂക്ഷിച്ചാൽ ഒരു വർഷക്കാലം വീട്ടിൽ ദാരിദ്ര്യം ഉണ്ടാവില്ല എന്നാണ് വിശ്വാസം. 2021-22 വർഷത്തെ പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ ക്ഷേത്ര സമിതി ഭാരവാഹിയായ എം.ഡി. ദിലീപിന്റ മകൾ ആര്യയ്ക്ക് മൊമെന്റോയും കാഷ് പ്രൈസും നൽകി ക്ഷേത്ര സെക്രട്ടറി എം.പി. ദേവദാസ് ആദരിച്ചു. ഇല്ലംനിറയ്ക്കായി നെൽക്കതിരുകൾ തന്ന വരവൂർ സ്വദേശിയായ ശ്രീദേവിയെ ഓണപ്പുടവ നൽകി ആദരിച്ചു. ഭക്തർ നാളികേരം, പച്ചക്കറികൾ എന്നിവയുമായാണ് ഭഗവാനെ ദർശിക്കാനെത്തിയത്. ഭക്തർക്ക് പായസത്തോടെയുള്ള ഭക്ഷണം നൽകി. ക്ഷേത്രം പ്രസിഡന്റ് പി.എസ്. രാഘവൻ, സെക്രട്ടറി എം.പി. ദേവദാസ്, ട്രഷറർ വി.കെ. ശിവദാസ് മറ്റ് ക്ഷേത്ര ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
.