ചാലക്കുടി: മതവിദ്വേഷം തലപൊക്കുന്ന കാലത്ത് ശ്രീനാരായണ ഗുരുവിന്റെ ചിന്തകൾക്ക് പ്രസക്തിയേറുകയാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ. നഗരസഭയുടെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങളുടെ സ്ഥിരം നാടായി കേരളം മാറുകയാണ്. പ്രളയത്തെ അതിജീവിച്ച ലോകോത്തര മാതൃകയും ജാഗ്രതയും നാടിന് ആവശ്യമാണ്. മതത്തിനും രാഷ്ട്രീയത്തിനും അതീതമായ മുന്നേറ്റം സംഘടിപ്പിക്കേണ്ട ഇക്കാലത്ത് നാടിനെ ഇരുണ്ടയുഗത്തിലേക്ക് തിരിച്ചു വിടാനുള്ള ഗൂഢശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കലാഭവൻ മണി പാർക്കിൽ നടന്ന യോഗത്തിൽ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. സുവർണ സ്പർശം കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം ബെന്നി ബെഹന്നാൻ എം.പി നിർവഹിച്ചു. മുൻ ചെയർമാന്മാരായ ജോസ് പൈനാടത്ത്, എം.എൻ. ശശിധരൻ, അഡ്വ. കെ.ബി. സുനിൽകുമാർ, കൊച്ചു ത്രേസ്യ തോമസ്, മേരി നളൻ, ആലീസ് ഷിബു, ഉഷ പരമേശ്വരൻ, ജയന്തി പ്രവീൺകുമാർ എന്നിവരെ എം.എൽ.എ ആദരിച്ചു.
നഗരസഭാ പരിധിയിൽ നിന്നും ഐ.പി.എസ് നേടിയ ശ്വേത സുഗതനുള്ള പുരസ്‌കാരം പിതാവ് സുഗതൻ നഗരസഭാ ചെയർമാൻ എബി ജോർജ്ജിൽ നിന്നും ഏറ്റുവങ്ങി. സംഘാടക സമിതി ചെയർമാൻ വി.ഒ. പൈലപ്പൻ. വൈസ് ചെർപേഴ്‌സൺ സിന്ധു ലോജു തുടങ്ങിയവർ പ്രസംഗിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. ബിജു എസ്. ചിറയത്ത്, നിത പോൾ, കെ.വി. പോൾ, സി. ശ്രീദേവി, എം.എം. അനിൽകുമാർ, പാർലമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, സി.എസ്. സുരേഷ്, നഗരസഭാ സെക്രട്ടറി എം.എസ്. ആകാശ് എന്നിവർ പ്രസംഗിച്ചു.