തൃശൂർ: പുന്നയൂരിൽ മങ്കി പോക്സ് സംശയത്തിൽ യുവാവ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് ജനങ്ങൾ ഭീതിയിൽ, ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ. വിദേശത്ത് നിന്ന് വന്ന യുവാവ് മരിച്ചത് മങ്കി പോക്സ് ബാധിച്ചെന്ന് സംശയം ഉയർന്ന സാഹചര്യത്തിൽ യുവാവുമായി സമ്പർക്കം പുലർത്തിയവരാണ് കൂടുതൽ ആശങ്കയിൽ കഴിയുന്നത്.
പ്രാഥമിക സമ്പർക്കപട്ടികയിൽ അമ്പതിലേറെ പേരുണ്ടെന്നാണ് അറിയുന്നത്. വിദേശത്ത് മങ്കി പോക്സ് പരിശോധന നടത്തുകയും രോഗം സ്ഥിരീകരിച്ച സന്ദേശം ലഭിച്ചിട്ടും പുറത്തിറങ്ങി അടുത്ത സുഹൃത്തുക്കളുമൊന്നിച്ച് ഫുട്ബാൾ കളിച്ചതുമാണ് ഏറെ ഭീതിയുണ്ടാക്കിയത്. ഇവരെല്ലാം ആരോഗ്യ വകുപ്പിന്റെ പ്രത്യക നീരീക്ഷണത്തിലാണ്.
യുവാവിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രി അധികൃതർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യവിഭാഗവും സ്ഥലത്തെത്തി മുൻകരുതലുകൾ സ്വീകരിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച തന്നെ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്. സ്ഥിതിഗതി സംബന്ധിച്ച റിപ്പോർട്ട് കളക്ടർക്കും നൽകിയിട്ടുണ്ട്.
സംസ്കാരം കൊവിഡ് പ്രോട്ടോകാൾ പാലിച്ച്
മങ്കി പോക്സ് ലക്ഷണമുണ്ടെന്ന് സംശയം ഉയർന്നയുടൻ മൃതദേഹം കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കുന്നതിന് പുറപ്പെടുവിപ്പിച്ച നിബന്ധനകളോടെയാണ് സംസ്കരിച്ചത്. ആരോഗ്യ വകുപ്പിന്റെ നിരീക്ഷണവും ഉണ്ടായിരുന്നു.
മങ്കി പോക്സ് ; യോഗം ചേർന്നു
ചാവക്കാട്: ദുബായിൽ നിന്നെത്തിയ യുവാവ് മങ്കിപോക്സിനെത്തുടർന്ന് മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം ചേർന്നു. പുന്നയൂർ പഞ്ചായത്ത് കമ്യൂണിറ്റി ആരോഗ്യകേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ അദ്ധ്യക്ഷനായി. ഇന്ന് ആശാ വർക്കർ, ആർ.ആർ.ടി പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, പ്രദേശത്തെ ജനപ്രതിനിധികൾ എന്നിവരുടെ യോഗം ചേരും രാവിലെ പത്തിനാണ് യോഗം. തുടർന്ന് ലഘുലേഖകൾ വീടുകളിൽ വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു.
ബോംബേറ്: ഹർജി നൽകി
തൃശൂർ: എ.കെ.ജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും കുറ്റക്കാരെ കണ്ടെത്താൻ പൊലീസിന് കഴിയാത്ത സാഹചര്യത്തിൽ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ഏജൻസികളെ ഉൾപ്പെടുത്തി ജുഡീഷ്യൽ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിക്ക് പൊതുതാത്പര്യ നിവേദനം നൽകി.
തൃശൂർ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേലാണ് ഹൈക്കോടതിക്കു പരാതി നൽകിയത്.
പൊലീസ് ആസ്ഥാനത്തു നിന്ന് അധികം ദൂരെയല്ലാതെ, സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന കക്ഷിയുടെ ആസ്ഥാന മന്ദിരത്തിനു നേരെ ആക്രമണം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായെന്നത് അത്യന്തം ഗുരുതരവും ആശങ്കാജനകവുമായ വസ്തുതയാണെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി.