ചേലക്കര: ചേലക്കരയുടെ മുത്തശ്ശി യാത്രയായി. അമ്മിണി അമ്മ എന്നു വിളിപ്പേരുള്ള പങ്ങാരപ്പിള്ളി നമ്പ്യാത്ത് ദേവകി അമ്മ നൂറ്റിപതിനഞ്ചാമത്തെ വയസിലാണ് മരണത്തെ പുൽകിയത്. നാലു തലമുറയ്ക്ക് അധിപയായ അമ്മിണി അമ്മ ചേലക്കരയുടെ മുത്തശ്ശിയായിട്ടാണ് അറിയപ്പെടുന്നത്. അമ്മിണി അമ്മയെ കാണാനെത്തുന്നവരോട് മോണകാട്ടി ചിരിച്ച് നർമ്മം കലർന്ന സംഭാഷണത്തിലൂടെ പൂർവകാല അനുഭവങ്ങൾ പങ്കുവയ്ക്കുകയും പഴയ നാടൻപാട്ട് പാടി കേൾപ്പിക്കുകയും പതിവായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പറമ്പിലൂടെ നടന്നപ്പോൾ ഉണ്ടായ വീഴ്ചയെ തുടർന്നാണ് ചെറിയ ശാരീരിക ബുദ്ധിമുട്ട് ഉണ്ടാകാൻ തുടങ്ങിയത്. നൂറ്റിപതിനഞ്ചിലും കാര്യമായ അവശതകൾ ഇല്ലാതിരുന്ന അമ്മിണി അമ്മയെ ആദരിക്കാൻ ഉന്നതരടക്കമുള്ളവർ എത്തിയിരുന്നു. വിവിധ സംഘടനകളും ചേലക്കരയുടെ മുത്തശ്ശിയെ ആദരിച്ചു വന്നിരുന്നു. ഭർത്താവും അഞ്ചു മക്കളിൽ മൂന്നുപേരും മരണപ്പെട്ട അമ്മിണി അമ്മയുടെ പിറന്നാൾ കുറച്ചു കാലമായി മറ്റു രണ്ടു മക്കളും പേരക്കുട്ടികളുമടക്കമുള്ളവർ ഗംഭീരമായിട്ടായിരുന്നു ആഘോഷിച്ച് വന്നിരുന്നത്.