
ചിറയിൻകീഴ്: വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും കായിക പ്രതിഭകളെയും പെരുമാതുറ കൂട്ടായ്മ അനുമോദിച്ചു. എം.ബി.ബി.എസ്, പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ 19 വിദ്യാർത്ഥികളെയും ഹൈദരാബാദിൽ നടന്ന ജൂനിയർ ഫുട്ബോൾ മത്സരത്തിൽ കേരളത്തിനായി മത്സരിച്ച് നാടിന് അഭിമാനമായി മാറിയ സഹീദ്, സഹദ്, അഖിൽ എന്നീ കായിക പ്രതിഭകളെയുമാണ് ചടങ്ങിൽ അനുമോദിച്ചത്. ഇതിനോടനുബന്ധിച്ച് നടന്ന ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പെരുമാതുറ കൂട്ടായ്മ പ്രസിഡന്റ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ ബി.അലി സാബ്രിൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം അബ്ദുൽ വാഹിദ്, ശ്യാമളകുമാരി ടീച്ചർ, എ.ആർ നൗഷാദ്, ഗാന്ധിയൻ ഉമ്മർ, എ.എം സക്കീർ, നജീബ്, ഉസ്മാൻ മൗലവി തുടങ്ങിയവർ പങ്കെടുത്തു. ജി.സി.സി പെരുമാതുറ കൂട്ടായ്മ ജനറൽ കൺവീനർ അമീൻ കിഴക്കതിൽ സ്വാഗതവും പെരുമാതുറ കൂട്ടായ്മ സെക്രട്ടറി നസീർ നന്ദിയും പറഞ്ഞു.