harikumar

ചിറയിൻകീഴ്: പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനമാരംഭിക്കാൻ കഴിയാതെ ഇന്നും ചിറയിൻകീഴ് വില്ലേജ് ഓഫീസ് പരിമിതികളാൽ വീർപ്പുമുട്ടുന്നു. ചിറയിൻകീഴ് ആൽത്തറമൂട് തിട്ടയിൽ മുക്ക് വൈ.എം.എ ജിംനേഷ്യത്തിന് സമീപമാണ് ഏകദേശം പത്ത് സെന്റിൽ വർഷങ്ങൾക്ക് മുൻപ് തന്നെ ചിറയിൻകീഴ് വില്ലേജ് ഓഫീസിനായി മന്ദിരം നിർമ്മിച്ചത്.

ചിറയിൻകീഴ് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം കൂടി ശാർക്കര വില്ലേജിലാണ് നടക്കുന്നത്. ഒരു വില്ലേജിന്റെ പ്രവർത്തനം തന്നെ സുഗമമായി കൊണ്ടുപോകാൻ ബുദ്ധിമുട്ടുള്ളപ്പോൾ രണ്ട് വില്ലേജിന്റെ പ്രവർത്തനം ഒരിടത്ത് ആയതോടെ ശാർക്കര വില്ലേജും ജോലി ഭാരത്താൽ വീർപ്പുമുട്ടുകയാണ്. ഇതുകാരണം വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിലെത്തുന്നവർക്ക് കാലതാമസം നേരിടുകയാണ്.

താലൂക്ക് സഭയിൽ തന്നെ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഇക്കാര്യം പല പ്രാവശ്യം അവതരിപ്പിച്ചിട്ടുണ്ട്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടത്തിൽ വില്ലേജ് ഓഫീസ് പ്രവർത്തനമാരംഭിക്കാൻ വേണ്ട നടപടികൾ എത്രയുംവേഗം കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പുതിയ കെട്ടിടത്തിന്റെ അവസ്ഥ

വർഷങ്ങളായി അ‌ടഞ്ഞുകിടക്കുന്ന പുതിയ മന്ദിരത്തിൽ വലിയ ഹാളും വരാന്തയും രണ്ടു മുറികളുമുണ്ട്. ഇഴജന്തുക്കളുടെ ആവാസകേന്ദ്രവും സാമൂഹ്യ വിരുദ്ധരുടെ ഇഷ്ട സങ്കേതവുമായിരുന്നു മുൻകാലങ്ങളിലിവിടം. ചുറ്റുമതിൽ കെട്ടി സംരക്ഷിക്കലും പെയിന്റിംഗുമെല്ലാം നടന്നിരുന്നു. നിലവിൽ കെട്ടിടത്തിന്റെ സമീപ പ്രദേശമാകെ കാടുപിടിച്ചു കിടക്കുകയാണ്. ഓഫീസ് എന്ന് പ്രവർത്തനം ആരംഭിക്കുമെന്ന കാര്യത്തിൽ ആർക്കും ഒരറിവുമില്ല.

പ്രതിസന്ധിക്ക് കാരണം

ജംഗ്ഷനിൽ നിന്ന് വളരെമാറി ദീർഘവീക്ഷണമില്ലാത്ത രീതിയിലാണ് മന്ദിരം നിർമിച്ചതെന്നുള്ള പരാതി വ്യാപകമാണ്. ഇതിന് പുറമേ റീസർവേ നടന്നപ്പോൾ വസ്തുവിന്റെ സർവേ നമ്പരുകളും അനുബന്ധ രേഖകളും ശാർക്കര, ചിറയിൻകീഴ് എന്നിങ്ങനെ തരംതിരിച്ച് രണ്ട് വില്ലേജായി രേഖപ്പെടുത്താതെ രണ്ടും ഒറ്റ ബ്ലോക്കിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുകാരണം പ്രത്യേകം പ്രത്യേകം ബ്ലോക്കുകളായി തരംതിരിച്ച് റെക്കാഡുകൾ മാറ്റാതെ പുതിയ വില്ലേജോഫീസ് പ്രവർത്തനം ആരംഭിക്കാനും കഴിയാത്ത അവസ്ഥയാണ്.