1

പൂവാർ: പൂവാറിലെ ബണ്ട് റോഡ് മാലിന്യത്തിൽ മുങ്ങിയിട്ട് കാലങ്ങളായി. നിരവധി ബോട്ട് ക്ലബ്ബുകളും യാടുകളും വീടുകളും സ്ഥിതിചെയ്യുന്ന ബണ്ട് റോഡിന്റെ ഇരുവശങ്ങളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും വാഹനങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും ഉപയോഗശൂന്യമായ പാഴ് വസ്തുക്കളും കൂടി കിടക്കുകയാണ്. ആക്രി വ്യാപാരത്തിന്റെ ഭാഗമായി വാങ്ങിക്കൂട്ടിയിരിക്കുന്നവയാണ് ഇവയെല്ലാം. കൂടാതെ ഹോട്ടലുകളിൽ നിന്നും വീടുകളിൽ നിന്നും പ്ലാസ്റ്റിക് കവറുകളിൽ കൊണ്ടുതള്ളുന്ന മാലിന്യങ്ങളും പ്രദേശത്തെ മലിനമാക്കുന്നുണ്ട്. ആളൊഴിഞ്ഞതും കാട് മൂടിയതുമായ പ്രദേശങ്ങളിൽ അറവ് മാലിന്യങ്ങൾ ഉപേക്ഷിക്കുന്നതും പതിവായിട്ടുണ്ടെന്ന് നാട്ടുകാർ. ബണ്ട് റോഡ്‌വഴി യാത്ര ചെയ്യുന്നവർ മൂക്കുപൊത്തി നടക്കേണ്ട ഗതികേടിലാണ്.

നാൾക്കുനാൽ ബണ്ട്റോഡിന്റെ വീതി കുറയുന്നതിനാൽ ഇതുവഴി വാഹനങ്ങൾ പോകാനും ബുദ്ധിമുട്ടുന്നുണ്ട്. എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ പോലും പലപ്പോഴും കഴിയാറില്ല. ഫുഡ് പാത്ത് കാണാൻ കഴിയാത്ത വിധത്തിൻ ആക്രിയും മറ്റ് മാലിന്യവും കൂടി കിടക്കുന്നതിനാൽ കാൽനട യാത്രയും ദുസ്സഹമാണ്. മഴക്കാലമായതോടെ മാസങ്ങളായി കൂടിക്കിടക്കുന്ന മാലിന്യങ്ങളിൽ വെള്ളം കെട്ടിനിന്ന് കൊതുക് ശല്യവും ദുർഗന്ധവും വർദ്ധിച്ചിരിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ജീവിതം ആസ്വദിക്കാനെത്തുന്നവർ രോഗികളായി മടങ്ങേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്.

മാലിന്യക്കൂമ്പാരം

പൂവാറിലെ ടൂറിസത്തിന്റെ പ്രധാന ആകർഷണം ബോട്ടിംഗാണ്. നെയ്യാറിലൂടെയുള്ള ബോട്ട് സവാരിയാണ് ഇതിൽ പ്രധാനം. എ.വി.എം കനാലും ചകിരിയാറും കണ്ടൽക്കാടുകളും താണ്ടിയുള്ള ഉല്ലാസയാത്രയ്ക്കിടയിൽ പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനും അപൂർവ്വ ഇനം പക്ഷികളെയും സസ്യങ്ങളെയും നിരീക്ഷിക്കാനും കഴിയുന്നത് ടൂറിസ്റ്റുകൾക്ക് ഹരമാണ്. എന്നാൽ ഈ സഞ്ചാരികളെ കാത്തിരിക്കുന്നത് മാലിന്യക്കൂമ്പാരങ്ങളും അസഹനീയമായ ദുർഗന്ധവുമാണ്.

നടപടി വേണം

നെയ്യാറിൻ തീരത്തെ ബണ്ട് റോഡിന്റെ വശങ്ങളിലായിട്ടാണ് ബോട്ട് ക്ലബുകളും യാടുകളും സ്ഥിതിചെയ്യുന്നത്. ടൂറിസ്റ്റുകളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഇവിടെയാണ്. ചില ദിവസങ്ങളിൽ സ്കൂൾ, കോളേജുകളിൽ നിന്നും ടൂറിസ്റ്റുകൾ സംഘമായെത്തുമ്പോൾ റോഡിൽ നിന്നുതിരിയാൻ ഇടമുണ്ടാകാറില്ല. തിരക്കേറുമ്പോൾ മാലിന്യക്കൂമ്പാരത്തിൽ വാഹനങ്ങളും യാത്രക്കാരും അകപ്പെടുന്നതും പതിവാണ്.

ബണ്ട് റോഡിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് നിരവധി പരാതികൾ നല്കിയിട്ടും നടപടിമാത്രമില്ല. പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതും കൂട്ടിയിടുന്നതും കുറ്റകരമായിരുന്നിട്ടും ഇവർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ വിസമ്മതിക്കുകയാണെന്നും ആക്ഷേപമുണ്ട്.

കാമറ സ്ഥാപിക്കണം

പൂവാറിൽ അവസാനിക്കുന്ന ബണ്ട് റോഡ് തുടങ്ങുന്നത് പഴയകടയിലെ പാഞ്ചിക്കാട്ടു കടവിൽ നിന്നുമാണ്. പൂവാർ പൊഴിക്കര മുതൽ മാവിളക്കടവ് പാലം വരെ ബോട്ടുകൾ സർവീസ് നടത്താറുണ്ട്. പൂവാറിൽ ടൂറിസം വികസനം മുന്നോട്ട് കുതിക്കുന്നത് നെയ്യാറിനെ ആശ്രയിച്ച് മാത്രമായിരിക്കും ഇതിൽ ബണ്ട് റോഡ് ഒരു നിർണ്ണായക ഘടകമാകും. അതുകൊണ്ടുതന്നെ ബണ്ട് റോഡ് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

മാലിന്യം വലിച്ചെറിയുന്നത് നിയന്ത്രിക്കാൻ പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നും, രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.