ഉദിയൻകുളങ്ങര: കാരക്കോണം അമരവിള റോഡിൽ കൂനമ്പനയിലെ അനധികൃത ചന്ത മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ. കുന്നത്തുകാൽ പഞ്ചായത്ത് ബഡ്ജറ്റിൽ പ്രഖ്യാപിച്ച തരത്തിൽ കുടുംബശ്രീയുടെ ഉത്തരവാദിത്തത്തിൽ ചന്ത ആരംഭിച്ച് റോഡുവക്കിലെ കച്ചവടക്കാരെ ചന്തയ്ക്കുള്ളിലേക്ക് പുനരധിവസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയോരത്ത് നിരവധിപേർ ഒത്തുകൂടുന്ന തരത്തിലുള്ള ചന്ത അപകടകരമാണ്. ചന്തയിലെത്തുന്നവർ ഗതാഗത തടസമുണ്ടാകുംവിധമാണ് വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നത്. സമീപത്തെ പുരയിടം വാടകയ്ക്കെടുത്ത് കുടുംബശ്രീയുടെ ചന്ത ആരംഭിക്കണമെന്ന നിർദ്ദേശം ഭരണസമിതി മുന്നോട്ടു വച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.