പാലോട്: നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ വന്യമൃഗശല്യം നിയന്ത്രണാതീതമാകുന്നു. സന്ധ്യയായാൽ കൃഷിയിടങ്ങൾ കാട്ടുപന്നി, ആന, മ്ലാവ് എന്നിവയുടെ സ്വന്തമാണ്. വിളകലെല്ലാം ഇവർ ചവിട്ടിമെതിക്കും.

കൃഷിയിടത്തിലിറങ്ങുന്ന പന്നിക്കൂട്ടം റബ്ബർ, വാഴ, മരിച്ചീനി, പച്ചക്കറികൾ തുടങ്ങി കണ്ണിൽക്കാണുന്നതെല്ലാം നശിപ്പിച്ചിട്ടേ തിരികെ മടങ്ങൂ.

പുലർച്ചെ റബർ ടാപ്പിംഗിന് എത്തുന്നവർ പന്നികളുടെ ആക്രമണത്തിന് ഇരയാകുന്നുമുണ്ട്. ഞാറനീലി, ഇലഞ്ചിയം, പനങ്ങോട് ഭാഗങ്ങളിൽ പന്നിയുടെ ആക്രമണത്തിന് ഇരയായ സ്കൂൾ വിദ്യാർത്ഥികളും ഏറെയാണ്. ആദിവാസി മേഖലയിൽ വാഹനസൗകര്യം കുറവായതിനാൽ കിലോമീറ്ററുകളോളം നടന്ന് സ്കൂളുകളിൽ എത്തുന്നവരാണ് വന്യമൃഗ ആക്രമണത്തിൽ പെടുന്നത്.

ഭക്ഷണം തേടി നാട്ടിലേക്ക് എത്തുന്ന വന്യമൃഗങ്ങൾ ആക്രമണകാരികളാകാറുണ്ട്. കാലൻകാവ്, നാഗര, ഓട്ടുപാലം, പച്ച, വട്ടപ്പൻകാട്, കരിമ്പിൻകാല, സെന്റ് മേരീസ്, ഇടവം തുടങ്ങിയ ഭാഗങ്ങളിൽ പകൽ സമയങ്ങളിൽ പോലും പന്നികൾ കൂട്ടത്തോടെ എത്തുന്നതിനാൽ കുട്ടികളും മുതിർന്നവരും ഭയപ്പാടിലാണ്. ഇവിടങ്ങളിൽ പകലും കാട്ടുപന്നികൂട്ടത്തെ കാണാം. ഇവിടെ അറവുമാലിന്യം നിക്ഷേപിക്കുന്നത് ഭക്ഷിക്കാൻ കാട്ടുപന്നികൾ എത്തുന്നത് പതിവാണ്.

വന്യമൃഗങ്ങളുടെ പ്രധാന കേന്ദ്രങ്ങൾ............ കാലൻകാവ്, നാഗര, ഓട്ടുപാലം, പച്ച, വട്ടപ്പൻകാട്, കരിമ്പിൻകാല, സെന്റ് മേരീസ്, ഇടവം

അറവ്മാലിന്യ നിക്ഷേപം തടയണം

നന്ദിയോട് വിതുര റൂട്ടിൽ നവോദയ സ്കൂളിന് സമീപവും വലിയ താന്നിമൂട് വളവിലും, മൈലമൂട് റൂട്ടിലും, നാഗരയിലും അറവുമാലിന്യം സാമൂഹിക വിരുദ്ധർ തള്ളുന്നതിനാൽ പന്നികൾ കൂട്ടത്തോടെയാണ് ഇവിടെ എത്തുന്നത്. പന്നി ശല്യത്തിന് പുറമേ കുരങ്ങുകളും കൃഷി നശിപ്പിക്കുന്നുണ്ട്. അറവ്മാലിന്യം പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് പന്നികൾ ഇവിടെ തമ്പടിച്ചത്. പൊതുസ്ഥലങ്ങളിൽ അറവ്മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി വേണ്ട നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.

**** റാപ്പിഡ് റെസ്‌പോൺസ് ടീമും കാണാനില്ല

വന്യജീവികളെ കാട്ടിലേക്ക് വിരട്ടി അയയ്ക്കുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ സേവനം ഇവിടങ്ങളിൽ ലഭിക്കുന്നില്ല. ആനകൾക്കും മറ്റ് കാട്ടുമൃഗങ്ങൾക്കും ഭക്ഷ്യയോഗ്യമായ വൃക്ഷങ്ങളും ചെടികളും വെട്ടി നശിപ്പിച്ച് അക്കേഷ്യവും മാഞ്ചിയവും വച്ചുപിടിപ്പിച്ചതിനാൽ ഭക്ഷണം കിട്ടാതെയാണ് നാട്ടിലേക്ക് ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും