malayinkil

മലയിൻകീഴ്: വെള്ളനാട് മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം ഐ.സി.എ.ആർ.(ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ)ന്റെയും മലയിൻകീഴ് കൃഷി ഭവന്റെയും സഹകരണത്തോടെ റെയിൻ ഗൺ സിസ്റ്റം സ്ഥാപിച്ച് നൂതനരീതിയിൽ തീറ്റപ്പുൽ കൃഷി ആരംഭിച്ചു. മലയിൻകീഴ് പഞ്ചായത്തിലെ പി. അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള ഒരു ഏക്കർ കൃഷി ഭൂമിയിലാണ് കൃഷി ആരംഭിച്ചത്. തീറ്റപ്പുൽക്കൃഷി വിജയകരമാക്കുവാൻ റെയിൻ ഗൺ സ്പ്രേ ഇറിഗേഷൻ ഏറെസഹായകരമാകുമെന്ന് കൃഷി ഓഫീസർ ശ്രീജ പറഞ്ഞു.
സാധാരണ ഹോസ് ഇറിഗേഷനെ അപേക്ഷിച്ച് 80ശതമാനം ജലവിതരണ ക്ഷമതയും ഈ സംവിധാനത്തിനുണ്ട്. കൃഷിസ്ഥലം പൂർണമായും ആവശ്യമുള്ള അളവിൽ റെയിൻ ഗൺ ജലം സ്പ്രേ ചെയ്യാനാകും. കെ.വി.കെ.സീനിയർ സയിന്റിസ്റ്റ് ആൻഡ് ഹെഡ് ഡോക്ടർ ബിനു ജോൺസാമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. മലയിൻകീഴ് കൃഷി ഓഫീസർ ശ്രീജയുടെ ശ്രമഫലമായിട്ടാണ് ക്ഷീരകർഷകർക്ക് കൈത്താങ്ങാകുന്ന ഈ നവീന സംവിധാനം പഞ്ചായത്തിൽ സ്ഥാപിക്കാനായത്. ഒരു മിനിറ്റിൽ 149 മുതൽ 236 ലിറ്റർ ജലനിർഗമന ശേഷിയുള്ള റെയിൻ ഗൺ തീറ്റപ്പുൽ ഉത്പാദന ക്ഷമത വർദ്ധിപ്പിക്കാനാകുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് അഗ്രികൾച്ചറൽ എഞ്ചിനീയർ ജി. ചിത്ര അവകാശപ്പെട്ടു.