ആറ്റിങ്ങൽ: ആറ്റിങ്ങൽ ബൈപ്പാസ് പദ്ധതിക്ക് ഭൂമിവിട്ടുനൽകിയ ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ചതായി പരാതി. മണമ്പൂര് ആഴാംകോണം മുതൽ ആറ്റിങ്ങൽ മാമം വരെയുള്ള ബൈപ്പാസിന് മണമ്പൂര് വില്ലേജിൽ നിന്ന് വസ്തു നിയമപ്രകാരം വിട്ടുകൊടുത്തവരാണ് പരാതിയുമായി രംഗത്തെത്തിയത്. വസ്തുവിന്റെ നഷ്ടപരിഹാരത്തുക മറ്റുള്ള സ്ഥലങ്ങളിൽ നൽകുന്നതിന്റെ 25 ശതമാനം മാത്രമേ നൽകൂ എന്നറിയിച്ച് ഉത്തരവിറക്കിയതാണ് ഇവരെ വെട്ടിലാക്കിയത്. വസ്തു സ്വീകരിക്കുമ്പോൾ ഇക്കാര്യം അറിയിച്ചിരുന്നില്ല. ഭൂവുടമകൾ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ,​ എൽ.എ.എൻ.എച്ച് ഓഫീസ് എന്നിവിടങ്ങളിൽ പരാതിക്കാർ അന്വേഷിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തങ്ങൾക്കുമാത്രം മറ്റുള്ളവർക്ക് നൽകുന്നതിന്റെ 25 ശതമാനം തുക നഷ്ടപരിഹാരമായി നൽകുന്നത് നീതി നിഷേധമാണെന്നും ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഭൂവുടമകൾ ആവശ്യപ്പെട്ടു.