തിരുവനന്തപുരം: വാഹനയാത്രക്കാർക്കും വഴിയാത്രക്കാർക്കും പേടിസ്വപ്‌നമായ ബൈക്ക് റേസർമാരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് പ്രഖ്യാപിച്ച ഓപ്പറേഷൻ റേസിന്റെ ഭാഗമായി തലസ്ഥാന ജില്ലയിൽ 12 പേരുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കി. 35,​000 രൂപ പിഴയും ചുമത്തി. കോവളം -മുക്കോല ബൈപ്പാസിൽ അടുത്തിടെ റേസിംഗ് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിക്കാനിടയായതിനെ തുടർന്നായിരുന്നു ഓപ്പറേഷൻ റേസ് പ്രഖ്യാപിച്ചത്. ജൂൺ 21ന് തുടങ്ങിയ പരിശോധന ഈ മാസം 5 വരെ തുടരും.

അമിതവേഗത,​ അലക്ഷ്യവും അപകടകരവുമായ ഡ്രൈവിംഗ് എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. ബൈക്കുകളുടെ അനധികൃതമായ രൂപമാറ്റം,​ ഉച്ചത്തിൽ ശബ്ദമുള്ള സൈലൻസറുകൾ ഘടിപ്പിക്കൽ എന്നിവയും പരിശോധിച്ചു. 25 വാഹനങ്ങൾ പിടിച്ചെടുത്ത് അതത് പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറി. മൂന്ന് മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. നിശ്ചിത കാലയളവിന് ശേഷം ലൈസൻസ് പുനഃസ്ഥാപിക്കും. കുറ്റം ആവർത്തിച്ചാൽ ആറുമാസത്തേക്ക് ലൈസൻസ് റദ്ദാക്കും. പിന്നീടും ആവർത്തിച്ചാൽ സ്ഥിരമായി ലൈസൻസ് റദ്ദാക്കും.

പരിശോധന തുടരും

തീവ്രപരിശോധന അവസാനിച്ചാലും സ്ഥിരം റേസിംഗ് സ്ഥലങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുമെന്ന് ആർ.ടി.ഒ ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധന കർശനമാക്കിയതോടെയാണ് നേരത്തെ വെള്ളയമ്പലം കവടിയാർ റോഡിലുണ്ടായിരുന്ന റേസിംഗ് അവസാനിച്ചത്.