o

കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് ജംഗ്ഷനിൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഓടകൾക്കായി റോഡിന് കുറുകെ ജെ.സി.ബി ഉപയോഗിച്ച് എടുത്ത കുഴികളിൽ മണ്ണിട്ട് മൂടിയെങ്കിലും മഴയിൽ ചെളിക്കെട്ട് ആകുന്നത് യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന നിലയ്ക്കാമുക്ക് ഗവ. യു.പി.എസും പബ്ലിക് മാർക്കറ്റും, ബസ്സ് കാത്തിരിപ്പ് കേന്ദ്രവും ഇതിനു സമീപമാണ്. ചെളിക്കെട്ടിൽ യാത്രക്കാർ കാൽവഴുതി വീഴുന്നതും ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. ഓട നിർമ്മാണം പൂർത്തിയാക്കാത്തതുകാരണം മഴവെള്ളം ഒഴുകിപ്പോകാൻ പറ്റാത്ത അവസ്ഥയിലാണ്. നിലവിൽ മഴവെള്ളം ഒഴുകി പോകുന്നത് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അരികിൽ കൂടിയാണ്. ശക്തമായ നീരൊഴുക്കിൽ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഒരു വശത്തെ മണ്ണ് ഒലിച്ചുപോയി അടിത്തറ കാണും വിധംമായി. ഇനിയും ഇത് തുടർന്നാൽ കാത്തിരിപ്പ് കേന്ദ്രം തകർന്നുവീഴും. അധികൃതർ എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.