
വർക്കല: ജില്ലയിൽ കോൺഗ്രസിന്റെ മികച്ച സംഘാടകരിലൊരാളായിരുന്നു വ്യാഴാഴ്ച രാത്രി അന്തരിച്ച പി.കെ. വിദ്യാധരൻ (88). സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ ആദ്യ സെക്രട്ടറിമാരിലൊരാളായ അദ്ദേഹം ജില്ലയിൽ കോൺഗ്രസിന്റെ വിദ്യാർത്ഥി, യുവജന വിഭാഗത്തെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
പി.കെ. വിദ്യാധരനെന്ന നേതാവിനെ അവർ സ്നേഹത്തോടെ വിളിച്ചിരുന്നത് അപ്പു അണ്ണനെന്നാണ്. ഒരു ജ്യേഷ്ഠ സഹോദരന്റെ കരുതലോടെയാണ് അദ്ദേഹം അവരെ ചേർത്തുപിടിച്ചിരുന്നത്. രാഷ്ട്രീയം വിദ്യാധരന് ഒരിക്കലും ജീവിത മാർഗമായിരുന്നില്ല. അത് മുഴുവൻ സമയ സേവനമായിരുന്നു. 1970കളിൽ മൈതാനത്ത് ജനതാപ്രസ് എന്നൊരു സ്ഥാപനം അദ്ദേഹം നടത്തിയിരുന്നു. ഒരു പ്രിന്റിംഗ് പ്രസ് എന്നതിലുപരി അത് കോൺഗ്രസിന്റെ ഓഫീസായിരുന്നു. അക്കാലത്ത് വർക്കലയിലെ കോൺഗ്രസുകാർക്ക് എന്തിനും ഏതിനും അവസാനവാക്ക് ജനതാ പ്രസും അപ്പു അണ്ണനുമായിരുന്നു. അദ്ദേഹത്തോളം ജനബന്ധമുള്ള മറ്റൊരു നേതാവും അക്കാലത്ത് വർക്കലയിലുണ്ടായിരുന്നില്ല.
എന്നാൽ ജനസ്വാധീനം രാഷ്ട്രീയനേട്ടങ്ങൾക്കുള്ള ചവിട്ടുപടിയാക്കുന്ന കാര്യത്തിൽ അദ്ദേഹം താത്പര്യം കാണിച്ചില്ല. മന്ത്രിയും സ്‌പീക്കറുമായിരുന്ന അന്തരിച്ച ജി. കാർത്തികേയൻ ഒരു സ്വകാര്യ സംഭാഷണത്തിനിടെ ഇങ്ങനെ പറയുകയുണ്ടായി. ' എന്നെങ്കിലും ആത്മകഥ എഴുതാൻ ഇടവന്നാൽ അതിലെ ഒരദ്ധ്യായം മുഴുവൻ അപ്പു അണ്ണനും ജനതാ പ്രസുമായിരിക്കും '. കാർത്തികേയനുൾപ്പെടെയുള്ള അക്കാലത്തെ യുവ നേതാക്കളുടെ ജീവിതത്തിൽ അപ്പു അണ്ണനും ജനതാ പ്രസിനുമുള്ള സ്ഥാനം അത്ര വലുതാണ്.