തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ലയിലും നഗരത്തിലും വ്യാപക പ്രതിഷേധം.വിവരമറിഞ്ഞ് ഇന്നലെ പുലർച്ചെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളള പ്രവർത്തകർ എ.കെ.ജി സെന്ററിന് മുന്നിലേക്ക് വന്നു. രാവിലെ മുഖ്യമന്ത്രി അടക്കമുളള സി.പി.എം നേതാക്കൾ പ്രവർത്തകർക്കിടയിലേക്കാണ് വന്നിറങ്ങിയത്. എൽ.ഡി.എഫിലെ എല്ലാ ഘടകകക്ഷി നേതാക്കളും എ.കെ.ജി സെന്ററിലെത്തി സി.പി.എം നേതാക്കളുമായി ചർച്ച നടത്തി. എ.കെ.ജി സെന്ററിന് പുറമെ കെ.പി.സി.സി ആസ്ഥാനത്തിനും സി.പി.എമ്മിന്റെ ഏരിയാ കമ്മിറ്റി ഓഫീസുകളിലും പൊലീസ് സുരക്ഷയൊരുക്കി. സംയമനം വിട്ടുളള പ്രതിഷേധ പ്രകടനങ്ങൾ പാടില്ലെന്ന് പ്രവർത്തകർക്ക് സി.പി.എം നേതാക്കൾ കർശന നിർദ്ദേശം നൽകിയിരുന്നു. മാറനല്ലൂരിൽ സി.പി.എം പ്രവർത്തകർ കോൺഗ്രസിന്റെ ഫ്ലക്‌സ് ബോർഡുകൾ തകർത്തു. പൂന്തുറയിലും കോൺഗ്രസ് പ്രവർത്തകർക്ക് നേരെ എസ്.എഫ്.ഐ ആക്രമണമുണ്ടായെന്ന് പ്രാദേശിക നേതാക്കൾ പറഞ്ഞു. ഇന്നലെ രാവിലെ പുളിമൂട് നിന്ന് കടകംപളളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ പാളയത്തേക്ക് നടത്തിയ പ്രതിഷേധ പ്രകടനം എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്‌തു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷനായ പ്രകടനത്തിൽ എം.വിജയകുമാർ, ടി.എൻ സീമ, എ.എ റഹിം എം.പി, മേയർ ആര്യ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എം.എൽ.എ, സി.അജയകുമാർ, കെ.ശശാങ്കൻ,വി.എസ് പത്മകുമാർ, ബി.പി മുരളി, പുത്തൻകട വിജയൻ, ആർ.രാമു, എസ്.പുഷ്‌പലത,വി.കെ മധു, ഇ.ജി മോഹനൻ, സി.രാജേന്ദ്രകുമാർ,വി.അമ്പിളി, എസ്.കെ പ്രീജ, ബി.സത്യൻ, ഷൈലജ ബീഗം തുടങ്ങിയവർ പങ്കെടുത്തു. സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഏരിയാ,ലോക്കൽ,ബ്രാഞ്ച് കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനങ്ങളും യോഗങ്ങളും ചേർന്നു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനം നടത്തി.ജില്ലാ പ്രസിഡന്റ് ജോബിൻ ജോസും സെക്രട്ടറി ഗോകുൽ ഗോപിനാഥും നേതൃത്വം നൽകി.