maranalloor

മലയിൻകീഴ്: മാറനല്ലൂരിൽ ബി.ജെ.പിയുടെ ഫ്ളക്സ് ബോർഡും കൊടിമരങ്ങളും നശിപ്പിച്ചതിൽ പ്രതിഷേധിച്ച് മാറനല്ലൂർ പൊലീസ് സ്റ്റേഷനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ബി.ജെ.പി പ്രവർത്തകർ ഇന്നലെ ഉച്ചയോടെ ഉപരോധിച്ചു. ഇതേ തുടർന്ന് മാറനല്ലൂർ ജംഗ്ഷനിൽ നേരിയ സംഘർഷാവസ്ഥയുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് പ്രശ്നം ശാന്തമാക്കി. ഇന്നലെ പുലർച്ചെ പൊങ്ങുമൂട്, ചീനിവിള, തൂങ്ങാംപാറ പ്രദേശങ്ങളിൽ ബി.ജെ.പി.യുടെ ഫ്ലക്‌സ് ബോർഡുകളും കൊടിമരങ്ങളും നശിപ്പിച്ചിരുന്നു. ഇതിന്റെ സി.സി.ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ മാറനല്ലൂർ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് ഇവരെ കുറ്റപ്പെടുത്തിയതോടെ മണ്ഡലം പ്രസിഡന്റ് തിരുനെല്ലിയൂർ സുധീഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ കാട്ടാക്കട ഡിവൈ.എസ്.പി പ്രശാന്ത് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാമെന്നും ശനിയാഴ്ച വൈകിട്ട് 5ന് മുൻപ് മറ്റുള്ളവർ ഫ്ളക്സുകൾ നീക്കം ചെയ്തില്ലെങ്കിൽ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് അവ നീക്കം ചെയ്യുമെന്നും ഉറപ്പ് നൽകി. തുടർന്ന് പൊലീസ് സ്റ്റേഷനിലെ ഉപരോധം അവസാനിച്ചു.

എന്നാൽ പഞ്ചായത്തിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുടെ ഫ്ലക്സുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ മാറനല്ലൂർ പഞ്ചായത്ത് ഓഫീസിൽ എത്തി സെക്രട്ടറി ജീവനെ ഓഫീസിൽ പൂട്ടിയിട്ട് ഉപരോധിച്ചു. സെക്രട്ടറി പ്രതികരിക്കാത്തതി​നെ തുടർന്ന് പ്രവർത്തകർ പിരിഞ്ഞുപോയില്ല. രാത്രിയോടെ പഞ്ചായത്തിന്റെ മറ്റ് ഫ്ളക്സുകൾ നശിപ്പിച്ചു. തുടർന്ന് റോഡിലേക്കിറങ്ങിയ പ്രവർത്തകർ ഫ്ളക്സുകൾ നശിപ്പിച്ച് സംഘർഷാവസ്ഥയിലേക്ക് നീങ്ങി. ഇതിനിടെ പൊങ്ങുംമൂട് ജംഗ്ഷനിലേക്ക് സി.പി.എം, ഡി.വൈ.എഫ്ഐ പ്രവർത്തകർ തടിച്ചുകൂടി. സംഘർഷാവസ്ഥ ഒഴിവാക്കാൻ പൊലീസ് ഇരുവിഭാഗവുമായി ചർച്ച നടത്തി അനുനയിപ്പിച്ചു. രാത്രി മുതൽ മുഴുവൻ ഫ്ലക്സുകളും നീക്കം ചെയ്യാമെന്ന് ഉറപ്പ് നൽകിയതോടെ എല്ലാവരും പിരിഞ്ഞുപോയി. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.