
പോത്തൻകോട് : കേരളത്തിന്റെ സാമൂഹിക- സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ ആത്മീയ പ്രവർത്തനം നടത്തിയ മഹാനായ സന്യാസിയായിരുന്നു സ്വാമി ശാശ്വതികാനന്ദയെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു.
ശ്രീനാരായണ മതാതീത ആത്മീയകേന്ദ്രം സ്ഥാപകൻ സ്വാമി ശാശ്വതികാനന്ദയുടെ 20-ാം സമാധി ദിനാചരണം വാവറമ്പലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതാതീതമായ പ്രവർത്തനം ആത്മീയതയുടെ അടിസ്ഥാനമാണ്. ശ്രീനാരായണ ഗുരുവിന്റെ ദർശനം പ്രചരിപ്പിക്കുന്നതിൽ സ്വാമി ശാശ്വതികാനന്ദ വലിയ പങ്കുവഹിച്ചിരുന്നതായും ഗുരുരത്‌നം പറഞ്ഞു.
ശ്രീനാരായണ മതാതീത കേന്ദ്രം ചെയർമാൻ കെ.എസ്. ജ്യോതി അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. മുട്ടം ശ്രീരാമകൃഷ്ണാശ്രമം സ്വാമി സുഖാകാശ സരസ്വതി ആത്മീയ പ്രഭാഷണവും, ഡോ.ബി.സീരപാണി ഗുരു പ്രഭാഷണവും നടത്തി. കാഥികൻ അയിലം ഉണ്ണികൃഷ്ണൻ, മതാതീത കേന്ദ്രം വൈസ് പ്രസിഡന്റ് കരിക്കകം ബാലചന്ദ്രൻ, കൊല്ലം ജില്ലാ സെക്രട്ടറി ജി.അനിൽകുമാർ, റ്റി.തുളസീധരൻ, സുധാകരൻ തലശ്ശേരി തുടങ്ങിയവർ സംസാരിച്ചു. ആത്മീയ കേന്ദ്രം സെക്രട്ടറി ബാബു സുശ്രുതന്‍ നന്ദി പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു, പരീക്ഷയിൽ എല്ലാ വിഷയത്തിനും എ.പ്ലസ് നേടിയ കുട്ടികളെ ആദരിച്ചു.