പോത്തൻകോട്: കാരമൂട് സി.ആർ.പി.എഫ്. റോഡിൽവച്ച് തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്. വെള്ളൂർ സ്വദേശി നബീസിനാണ് (10) പരിക്കേറ്റത്. ഇരുകാലിലും തോളത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും കടിയേറ്റ കുട്ടിയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പോത്തൻകോട് ഗവ.യുപി.സ്‌കൂളിലെ വിദ്യാർത്ഥിയാണ് നബീസ. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. സ്‌കൂൾ ബസിൽ കാരമൂട് സി.ആർ.പി.എഫ് റോഡിലെ ആളൊഴിഞ്ഞ ഭാഗത്തിറങ്ങിയെങ്കിലും രക്ഷിതാക്കളെത്താൻ വൈകിയതിനാൽ അവരെയും കാത്ത് നിൽക്കുമ്പാേഴായിരുന്നു സംഭവം. ബസ് ജീവനക്കാർ എന്നും കുട്ടിയെ ഇറക്കുന്നിടത്ത് ഇറക്കിവിട്ടെങ്കിലും രക്ഷിതാക്കൾ എത്താൻ വൈകിയതിനെ തുടർന്ന് നബീസ് തനിച്ചാവുകയായിരുന്നു. പ്രദേശത്ത് തെരുനായ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.