നെയ്യാറ്റിൻകര: കൊവിഡ് പ്രതിസന്ധിയിൽ നിറുത്തി വച്ച ചെയിൻ, സർക്കുലാർ സർവീസുകൾ ഇനിയും പുനരാരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറാകുന്നില്ലെന്ന് പരാതി. താലൂക്കിൽ സ്കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് ഒരു മാസം പിന്നിട്ടിട്ടും വിദ്യാർത്ഥികളുടെ യാത്രാദുരിതത്തിന് പരിഹാരമായില്ല. ബസുകളിൽ തിങ്ങിഞെരിഞ്ഞാണ് വിദ്യാർത്ഥികളടക്കമുള്ളവരുടെ യാത്ര.
നെയ്യാറ്റിൻകരയിൽ കൊവിഡിനോടനുബന്ധിച്ച് നിറുത്തിവച്ച സർവീസുകൾ പുനരാരംഭിക്കാൻ അധികൃതർ ഇനിയും തയാറായിട്ടില്ല. സർവീസുകളുടെ കുറവ് ഗ്രാമപ്രദേശങ്ങളുൾപ്പെടെയുള്ള ഇട റൂട്ടുകളിൽ യാത്രാക്ലേശം ഇരട്ടിയാക്കി. ദിനം പ്രതി രണ്ടും മൂന്നും സർവീസുകൾ മാത്രമുണ്ടായിരുന്ന ഉൾപ്രദേശങ്ങളിലാകട്ടെ പലപ്പോഴും സർവീസുകൾ പാടെ റദ്ദ് ചെയ്യുകയാണ്.
കഴിഞ്ഞ ഫെബ്രുവരിയിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് 5 പുതിയ സിറ്റി ഷട്ടിൽ സർവീസുകൾ ആരംഭിച്ചെങ്കിലും അതൊന്നും വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെട്ടില്ല.
താലൂക്കിൽ നെയ്യാറ്റിൻകര, പാറശാല, വെള്ളറട, പൂവാർ, വിഴിഞ്ഞം തുടങ്ങിയ ഡിപ്പോകളിൽ നിന്നുള്ള ബസുകളാണ് സർവീസ് നടത്തുന്നത്. ഈഞ്ചയ്ക്കലിലും ഇടിച്ചക്കപ്ലാമൂട്ടിലെ യാർഡുകളിലും ഒതുക്കിയിട്ടിരിക്കുന്ന ബസുകൾ സർവീസ് നടത്താൻ ഡിപ്പോകൾക്ക് വിട്ട് നൽകാത്തതും ജീവനക്കാരുടെ കുറവുമാണ് സർവീസുകൾ കുറയാനുള്ള കാരണമായി ഡിപ്പോ അധികൃതർ പറയുന്നത്.
ജീവനക്കാരുടെ കുറവ്
ബസുകളുടെയും ജീവനക്കാരുടെയും കുറവാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോപണം. നെയ്യാറ്റിൻകര ഡിപ്പോയിൽ മാത്രം 50 ഓളം ജീവനക്കാരുടെ കുറവുണ്ട്. 154 കണ്ടക്ടർമാരും 146 ഡ്രൈവർമാരുമാണ് ഇപ്പോൾ നെയ്യാറ്റിൻകര ഡിപ്പോയിൽ ഡ്യൂട്ടിയിലുളളത്. എന്നാൽ ഡിപ്പോയിലെ ഓഫീസ് പ്രവർത്തനത്തിനായി 3 എ.ടി.ഒമാരെയാണ് നിയോഗിച്ചിട്ടുള്ളത്. ലോക്ക് ഡൗണിന് മുൻപായി 110ഓളം സർവീസുകൾ നടത്തിയിരുന്ന നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് ഇപ്പോൾ 68നും 72നും ഇടയിലാണ് സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്.
നിയമനമില്ല
എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതും റിട്ടയർമെന്റ് കഴിഞ്ഞ് പോയവരുടെ ഒഴിവിലേക്ക് പുനർനിയമനം നടത്താത്തതും സർവീസുകളെ ബാധിച്ചിട്ടുണ്ട്. ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരിൽ പലരെയും മറ്റ് ഡിപ്പോകളിലേക്ക് പണിക്കായി നിയോഗിക്കുന്നതിനാൽ ബസുകളുടെ അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തി സർവീസ് നടത്താൻ പലപ്പോഴും കഴിയാറില്ല.
ഇരട്ടി ഡ്യൂട്ടി
നിലവിലുള്ള ജീവനക്കാരെ വച്ച് ഇരട്ടി ഡ്യൂട്ടി ചെയ്താണ് പലപ്പോഴും സർവീസുകൾ ഷെഡ്യൂൾ ചെയ്യുന്നത്. കൊവിഡ് സമയത്ത് പാറശാല ഇടിച്ചക്കപ്ലാമൂട്ടിലെ ബസ് യാർഡിൽ മാത്രം 200ലധികം ബസുകളാണ് ഒതുക്കിയിട്ടിരുന്നത്.