
അക്രമിസംഘങ്ങൾ അനായാസം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സീസണാണിത്. ഇത്തരം സീസണുകൾ ചിലപ്പോഴൊക്കെ സംഭവിക്കാറുണ്ട്. ഡിറ്റക്ടീവുകളെ പോലെ തന്ത്രപരമായി കാര്യങ്ങൾ നീക്കുന്ന അക്രമികളുണ്ട്. വളരെ സഹൃദയത്വത്തോടെയും സൗന്ദര്യാത്മകത കാത്തുസൂക്ഷിച്ചുകൊണ്ടും കൃത്യങ്ങൾ നിർവഹിക്കുന്ന അക്രമികളുണ്ട്. ഭാവനാസമ്പന്നരായ അക്രമികളാണ് ഇക്കൂട്ടർ. അതീവസൂക്ഷ്മതയോടെ ആർക്കും ഒരു പോറലുമേൽക്കാത്ത വിധം ജാഗ്രതയോടെയും കരുതലോടെയും പരാക്രമം നടത്തുന്ന അക്രമികളുമുണ്ട്. കൊറോണ വന്നപ്പോൾ ഭയം വേണ്ട, ജാഗ്രത മതി എന്ന് പ്രഖ്യാപിച്ച ആളുകളുണ്ടല്ലോ. ആ പ്രഖ്യാപനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളവരാണ് ഇപ്പറഞ്ഞ കൂട്ടം പരാക്രമികൾ.
വയനാട്ടിൽ രാഹുൽഗാന്ധി എം.പിയുടെ ഓഫീസിലെത്തി വാഴവച്ച കൂട്ടരെ നമുക്ക് അക്രമികളുടെ കൂട്ടത്തിൽ പെടുത്താൻ പറ്റില്ല. എന്നാൽ അക്കൂട്ടരെ പലരും അക്രമികളെന്ന് വിളിച്ചു. ആളുകൾ വിളിച്ചുവിളിച്ചാണ് പലരും പരാക്രമികളാകുന്നത്. അങ്ങനെയാണ് വയനാട്ടിലെ മേല്പറഞ്ഞ കൂട്ടരും പരാക്രമികളായത്. സാഹചര്യങ്ങൾ പരാക്രമികളാക്കിത്തീർത്ത ഇക്കൂട്ടർ ഭാവനാസമ്പന്നരും കലാഹൃദയമുള്ളവരും സർവോപരി ബുദ്ധിജീവികളും ആയിരുന്നു. അതുകൊണ്ട് രാഹുൽ ഗാന്ധിയുടെ ഓഫീസിനകത്ത് അവർ കസേരയിൽ വാഴവച്ചു. അതിനൊരു പ്രതീകാത്മകതയുണ്ട്. ബഫർസോണിനകത്ത് വാഴ പോയിട്ട് വാഴത്തണ്ട് പോലും വയ്ക്കാൻ പാടില്ലെന്ന് നിർബന്ധമുള്ളപ്പോൾ രാഹുൽഗാന്ധിയുടെ ഓഫീസിനെ ബഫർസോണായി സങ്കല്പിക്കുകയും നിയമലംഘനത്തിലൂടെ ആ ബഫർസോണിനകത്ത് വാഴ വച്ചുപിടിപ്പിക്കുകയും ചെയ്യുകയെന്നത് മികച്ച സമരരീതിയാണ്. അങ്ങനെയാണ് രാഹുൽഗാന്ധി എം.പിയുടെ ഓഫീസിനകത്ത് കയറി കസേരയിൽ വാഴവച്ചത്. ബ്രിട്ടീഷുകാർ ഉപ്പിന് നികുതി ചുമത്തിയപ്പോൾ ദണ്ഡികടപ്പുറത്ത് പോയി സ്വയം ഉപ്പുകുറുക്കി സമരം ചെയ്ത മഹാത്മഗാന്ധിയെ പോലെയുള്ളവരുടെ ഏർപ്പാടായി ഇതിനെ വേണമെങ്കിൽ കണ്ടുകൊള്ളുക.
അക്രമത്തിന്റെ സൗന്ദര്യശാസ്ത്രം എന്നൊക്കെ പറയുന്നത് ഇത്തരം കാര്യങ്ങൾവച്ച് വിലയിരുത്തേണ്ട സംഗതിയാണ്. രാഹുൽഗാന്ധി ഈ അക്രമം നടത്തിയ പരാക്രമികളെ കുട്ടികളെന്ന് വിളിച്ച് നിലവാരം താഴ്ത്തിക്കളഞ്ഞത് കഷ്ടമായി. അദ്ദേഹം ആ വാഴ കസേരയിൽനിന്ന് എടുത്തുമാറ്റി. എന്നിട്ട് അതിൽകയറി ഇരുന്നു. അവിടെ ഇരുന്ന് കൊണ്ടാണ് കുട്ടികളോട് ക്ഷമിക്കുന്നു എന്ന് പറഞ്ഞുകളഞ്ഞത്. വാഴസമരക്കാരെ കുട്ടികളെന്ന് വിളിക്കുന്നവരുടെ മനോനിലയാണ് ആദ്യം പരിശോധിക്കേണ്ടത്. സഹൃദയത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത കൂട്ടരാണിവർ.
അത് വയനാട്ടിലെ കാര്യം. ഇനി നമ്മുടെ ഏകേജി സെന്ററിലേക്ക് വരാം. അവിടെയും നടന്നു പരാക്രമം. കഴിഞ്ഞ ദിവസം പാതിരാത്രിയോടടുക്കും നേരത്താണ് സംഗതി നടന്നത്. കുറ്റാക്കുറ്റിരുട്ടിൽ ഒരു ബൈക്കിൽ പറന്നെത്തിയായിരുന്നു അക്രമിയുടെ പരാക്രമം. അന്നേരം തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. കഴുകന്മാർ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു. പൊലീസുകാരന്മാർ ടോർച്ചും പാനീസ് വിളക്കും എടുത്ത് റോന്ത് ചുറ്റുന്നുണ്ടായിരുന്നു.
ഇതിനിടയിലാണ് അക്രമിയെത്തി പരാക്രമം നടത്തി അതേ വേഗത്തിൽ ബൈക്കും ഓടിച്ച് മറഞ്ഞുകളഞ്ഞത്. ഭയം വേണ്ട, ജാഗ്രത മതി എന്ന് അവൻ മനസ്സിൽ മന്ത്രിക്കുന്നത് കേട്ട പൊലീസുകാരുണ്ട്. കേൾക്കാത്ത പൊലീസുകാരും ഉണ്ട്. അവൻ ബോംബ് എന്നും പറഞ്ഞ് ഒരു ഓലപ്പടക്കം കത്തിച്ച് ഒരേറെറിഞ്ഞു. അത് കൃത്യം ഏകേജി ഹാളിലേക്ക് പോകുന്ന ഗേറ്റിന്റെ ഏതോ ഒരറ്റത്തെ ചുവരിനെ തൊട്ടുതൊട്ടില്ലാ മട്ടിൽവീണ് പൊട്ടി. ചുവരിനെ അത് തൊട്ടിട്ടില്ലാ എന്നുപറയാൻ പറ്റില്ല. തൊട്ടിട്ടുണ്ട്. ആ ചുവരിലെ കല്ലിന്റെ ഒരു പൊടിതരി നിലത്ത് ഉതിർന്ന് വീഴുകയുണ്ടായി. കല്ല് ഇളകിപ്പോകരുതെന്ന് അവന് നിർബന്ധമുണ്ടായിട്ടല്ല. പക്ഷേ അങ്ങേയറ്റത്തെ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും നടത്തിയ ഒരു പരിപാടിയായപ്പോൾ അതങ്ങനെയായതാണ്. ഇതിലൂടെ അവൻ ഭയം വേണ്ട, ജാഗ്രത മതി എന്ന്, ഏകേജി സെന്ററിൽ അപ്പോൾ ഉലാത്തുകയായിരുന്ന ഈപീജയരാജൻ സഖാവിനെ ഓർമ്മിപ്പിച്ചു. എന്നുവച്ച് ഏകേജി സെന്ററിനെ ആക്രമിക്കാനുള്ള സി.ഐ.എ സംഘത്തിന്റെ ഗൂഢനീക്കം നടന്നിട്ടില്ലെന്ന് ഇപ്പോൾ പറയാനാവില്ല. സി.ഐ.എക്കാർ ഏത് വേഷത്തിൽ എപ്പോൾ വേണമെങ്കിലും വരും. ബൈക്കിൽ ഏത് കോൺഗ്രസുകാരനെയും പൊട്ടാസും കൊടുത്ത് വിടുന്ന കൂട്ടരാണ് സി.ഐ.എക്കാർ. അത് ഈപീജയരാജൻ സഖാവിന് അറിയാം. അതുകൊണ്ടാണ് ആ പൊട്ടിയ ഓലപ്പടക്കത്തിന്റെ ഒച്ച കേട്ടപ്പോൾത്തന്നെ അത് കോൺഗ്രസുകാരൻ പൊട്ടിച്ചതാണെന്ന് ജയരാജൻ സഖാവ് അറുത്തുമുറിച്ച് പറഞ്ഞത്.
പ്രസ്ഥാനത്തെ തൊട്ടുകളിച്ചാൽ അക്കൈ വെട്ടും അക്കാൽ വെട്ടും അത്തല വെട്ടി ചെങ്കൊടി നാട്ടും എന്ന് മുദ്രാവാക്യം വിളിച്ചത് അമ്പലപ്പുഴയിലെ സലാം സഖാവും മറ്റുമാണ്. കോൺഗ്രസുകാരെ പേടിപ്പിക്കാൻ ഇത്രയ്ക്കൊന്നും മുദ്രാവാക്യം വിളിക്കേണ്ട കാര്യമില്ല. എന്നാൽ അവന്മാരെ പറഞ്ഞുവിടുന്ന സി.ഐ.എക്കാർ ഞെട്ടിവിറയ്ക്കണമെങ്കിൽ ഇതുപോലുള്ള മുദ്രാവാക്യം ആവശ്യമാണ്. ഇത് കേട്ട സി.ഐ.എക്കാർ തുള്ളൽപ്പനി ബാധിച്ച് കിടപ്പിലായിട്ടുണ്ട്. അവരോട് സലാം സഖാവിന് വേണ്ടി നമ്മൾക്ക് പറയാനുള്ളതും ഇത്രമാത്രമേയുള്ളൂ: ഭയം വേണ്ട, ജാഗ്രത മതി!
ഇ-മെയിൽ: dronar.keralakaumudi@gmail.com