sreelakshmi

പേവിഷബാധയേറ്റ് പാലക്കാട് മങ്കര പടിഞ്ഞാക്കര വീട്ടിൽ ശ്രീലക്ഷ്‌മി എന്ന കോളേജ് വിദ്യാർത്ഥിനിയുടെ മരണം പേപ്പട്ടിയുടെ കടിയേറ്റാലും നിശ്ചിത ഡോസ് ആന്റി റാബീസ് കുത്തിവയ്പെടുത്താൽ പേടിക്കാനില്ലെന്ന ധാരണ തകർത്തിരിക്കുകയാണ് . ഡോക്ടറുടെ നിർദ്ദേശപ്രകാരം ശ്രീലക്ഷ്‌മി നാലുതവണയും മുറപ്രകാരം വാക്സിൻ എടുത്തിരുന്നു. മേയ് 30ന് അടുത്ത വീട്ടിലെ വളർത്തുനായയുടെ കടിയേറ്റ യുവതി ജൂൺ 28-ന് പരീക്ഷയെഴുതി വീട്ടിലെത്തിയപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചു. വിഷബാധയേറ്റാൽ പിന്നീടു ചികിത്സകൊണ്ടു ഫലമില്ലെന്നത് രേഖപ്പെടുത്തപ്പെട്ട വസ്തുതയാണ്. ജൂൺ 30-ന് ആ കുട്ടി ഈ ലോകം വിട്ടുപോവുകയും ചെയ്തു. ആശുപത്രി സെല്ലിൽ കഴിയേണ്ടിവന്ന ശ്രീലക്ഷ്മിയുടെ അവസാനത്തെ രണ്ട് ദിവസങ്ങൾ എത്രമാത്രം ഭയാനകവും വേദനാജനകവും ആയിരുന്നെന്ന് പറയേണ്ടതില്ല.

ശ്രീലക്ഷ്‌മിയുടെ മരണത്തെത്തുടർന്ന് വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചും കുത്തിവയ്പെടുത്തതിലെ പാളിച്ചകളെക്കുറിച്ചുമൊക്കെ വിവാദം ഉയർന്നിട്ടുണ്ട്. ഇതേ നായയുടെ കടിയേറ്റ ഉടമസ്ഥനും ആ വീട്ടിലെ ചിലരും വാക്സിൻ എടുത്തിരുന്നു. അവർക്കാർക്കും കുഴപ്പമൊന്നുമില്ലെന്നാണു അധികൃതർ പറയുന്നത്. ശ്രീലക്ഷ്മിയുടെ മുറിവുകൾ ആഴത്തിലുള്ളവ ആയതിനാലാകാം വിഷം പെട്ടെന്ന് തലച്ചോറിനെ ബാധിക്കാൻ കാരണമായതെന്ന വാദവുമായി ജില്ലാ മെഡിക്കൽ ഓഫീസറും രംഗത്തുവന്നിട്ടുണ്ട്. എവിടെയാണു പിഴച്ചതെന്ന് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് നടപടിയെടുത്തതു നന്നായി. പേവിഷബാധക്കെതിരായ കുത്തിവയ്പിനൊരുങ്ങുന്നവർക്ക് ആത്മവിശ്വാസം നൽകാൻ വിദഗ്ദ്ധ സമിതിയുടെ അന്വേഷണം ആവശ്യമാണ്.

പാലക്കാടു മാത്രം ദിവസേന ഇരുനൂറു പേരെങ്കിലും നായകടിയേറ്റ് കുത്തിവയ്പിനായി ആശുപത്രികളെ സമീപിക്കാറുണ്ടത്രേ. തെരുവു നായയുടെ കടിയേറ്റാൽ തദ്ദേശസ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് കോടതിവിധിയുണ്ട്. പലർക്കും ഉയർന്ന തോതിൽ നഷ്ടപരിഹാരം ലഭിച്ചിട്ടുമുണ്ട്. എന്നാൽ നിയമജ്ഞാനമില്ലാത്ത സാധാരണക്കാർ ഈ സഹായം നേടിയെടുക്കാറില്ല. വളർത്തുനായ്‌ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പെടുക്കാൻ വീട്ടുകാർ തയ്യാറാകും. അവിടെയും ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നവരുണ്ടാകും. പാലക്കാട്ട് വിദ്യാർത്ഥിനിയെ കടിച്ച നായയ്ക്ക് കുത്തിവയ്പ് എടുത്തിരുന്നില്ലെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായ ആ വീഴ്ച പാവം ഒരു യുവതിയുടെ ജീവനെടുത്തു.

കഴിഞ്ഞ ആറുമാസത്തിനിടെ സംസ്ഥാനത്ത് പേവിഷബാധയേറ്റ് 14 പേർ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതിലേറെയും തെരുവു നായ്‌ക്കളുടെ കടിയേറ്റവരാണ്. പിഞ്ചുകുട്ടികൾ മുതൽ വയോധികർ വരെ തെരുവുനായ്ക്കളുടെ ഭീഷണി നേരിടുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങൾ കടിയേറ്റാൽ ആശുപത്രിയിൽ പോകാൻ യാത്രാക്കൂലിയില്ലാതെ വിഷമിക്കുന്നുണ്ട്. ആന്റി റാബീസ് വാക്സിനുകളുടെ സ്റ്റോറേജും ലഭ്യതയും കുറ്റമറ്റ തരത്തിലാണ് നടക്കുന്നതെന്നു പറയാനാവില്ല. എന്നാൽ ഒരുപാടു പരിമിതികളുണ്ടെന്നാണ് ജില്ലകളിൽനിന്നുള്ള റിപ്പോർട്ടുകൾ. തുടർച്ചയായി വൈദ്യുതി നിലച്ചാൽ വാക്സിനുകളുടെ പ്രയോഗക്ഷമത കുറയാനിടയുണ്ട്. ഇതുപോലുള്ള സാങ്കേതിക പിഴവുകൾക്ക് ആശുപത്രികളിൽ ബദൽ സംവിധാനമുണ്ടാകണം. തെരുവുനായ്ക്കൾ പെരുകുന്നത് തടയാൻ തദ്ദേശസ്ഥാപനങ്ങൾ നിശ്ചയദാർഢ്യത്തോടെ ഇറങ്ങിയാലേ മതിയാവൂ. വീടുകളിൽനിന്നും ഭക്ഷ്യശാലകളിൽ നിന്നുമുള്ള ഭക്ഷ്യാവശിഷ്ടങ്ങൾ പൊതുസ്ഥലത്തെത്തുന്നതാണ് നായകൾ പെറ്റുപെരുകാനും അവ ആക്രമണകാരികളാകാനും പ്രധാന കാരണം. സമൂഹത്തെ വേദനിപ്പിക്കുകയും മുറിപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടാകുമ്പോഴാണ് ഇതുപോലുള്ള കാര്യങ്ങൾ ജനങ്ങളുടെയും സർക്കാരിന്റെയും ശ്രദ്ധയിൽ വരുന്നത്. ശ്രീലക്ഷ്‌മിയുടെ അകാലമരണം നായശല്യത്തിനെതിരായ പ്രതിരോധ നടപടികളിലേക്ക് ഒരിക്കൽക്കൂടി അധികൃതശ്രദ്ധ ക്ഷണിക്കുകയാണ്.