
വെമ്പായം: മെഡിസെപ്പ് പദ്ധതിയിലൂടെ ജീവനക്കാരെയും അദ്ധ്യാപകരെയും സർക്കാർ വഞ്ചിച്ചിരിക്കുകയാണെന്ന് കെ.പി.എസ്.ടി എ ജില്ലാ നേതൃത്വ ക്യാമ്പ്. റീ ഇമ്പേഴ്സ്മെന്റ് നിറുത്തലാക്കിക്കൊണ്ട് കോടിക്കണക്കിന് രൂപ സർക്കാർ ലാഭമുണ്ടാക്കുകയാണ്. ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും 6000 രൂപ വീതം പിടിച്ചു വാങ്ങുന്ന സർക്കാർ, അതിൽ നിന്നു മുഴുവൻ തുകയും ഓറിയൻറൽ ഇൻഷ്വറൻസ് കമ്പനിക്ക് നൽകാതെ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയാണ്. ഏറ്റവും കൂടുതൽ ആളുകൾ വിദഗ്ദ്ധചികിത്സയ്ക്കായി ആശ്രയിക്കുന്ന ആർ.സി.സി ശ്രീചിത്ര, കിംസ് പോലെയുള്ള ഹോസ്പിറ്റലുകൾ ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതുവഴി ജീവനക്കാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കാത്ത സാഹചര്യമാണെന്നും കെ.പി.എസ്.ടി.എ ചൂണ്ടിക്കാട്ടി.
നാലാഞ്ചിറ മാർ ഗ്രിഗോറിയസ് റിന്യൂവൽ സെന്ററിൽ നടക്കുന്ന ക്യാമ്പ് എം.വിൻസന്റ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ട്രഷറർ അനിൽകുമാർ വട്ടപ്പാറ,സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. രാജ്മോഹൻ,സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട്,മുൻ സംസ്ഥാന പ്രസിഡന്റ് എം.സലാഹുദീൻ,സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ പ്രദീപ് നാരായൺ,ബിജു തോമസ്, ആർ.ശ്രീകുമാർ,ജെ.സജീന,സി.ആർ ആത്മകുമാർ,ജില്ലാ സെക്രട്ടറി എൻ.സാബു, ട്രഷറർ എ.ആർ ഷമീം എന്നിവർ സംസാരിച്ചു.