തിരുവനന്തപുരം: ഡോ. സി. പിന്റോ പ്രഭാഷണം മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ അഞ്ചിന് വൈകിട്ട് 5.30ന് ന്യൂറോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. കെ. രാജശേഖരൻ നായർ നിർവഹിക്കും. മോട്ടോർ ന്യൂറോൺ എന്ന അത്യപൂർവ രോഗബാധയെത്തുടർന്ന് മുപ്പത്തിയേഴാം വയസ്സിൽ അന്തരിച്ച കവിയും എഴുത്തുകാരനും ഡോക്ടറുമായിരുന്ന സി. പിന്റോയുടെ സ്മരണാർത്ഥം സുഹൃത്തുക്കളുടെ അനൗപചാരിക കൂട്ടായ്മയിൽ നടത്തിവരുന്ന വാർഷിക പ്രഭാഷണ പരമ്പരയുടെ പതിനേഴാമത് പതിപ്പാണിത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കവിയും ഡോക്ടറുമായ രാജേഷ് ബി.സി സംസാരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പഠനം കഴിഞ്ഞ് വിഴിഞ്ഞം, കല്ലറ, ഭരതന്നൂർ എന്നിവിടങ്ങളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ അഞ്ചുവർഷം ഡോക്ടറായിരുന്നു പിന്റോ. തുടർന്നാണ് പേശികളെ ഘട്ടംഘട്ടമായി തളർത്തി മരണത്തിലേക്കുകൊണ്ടുപോകുന്ന അപൂർവ്വ രോഗത്തിന്റെ വഴിയിലാണ് താനെന്ന് പിന്റോ അറിയുന്നത്. ചികിത്സ ലഭ്യമല്ലാത്ത ഈ രോഗവുമായി ഭാര്യയായ ബെറ്റ്സിയുടെ വിട്ടുവീഴ്ചയില്ലാത്ത പരിചരണത്തിന്റെ ആശ്രയത്തോടെ മാത്രമായിരുന്നു തുടർന്നുള്ള അഞ്ചു വർഷം പിന്റോ കടന്നുപോയത്. ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ആകുലതകൾ കവിതയിലും കഥകളിലും അദ്ദേഹം വരച്ചിട്ടു. ശൈത്യം, അഗ്നിയെ ചുംബിച്ച ചിത്രശലഭം, ഭഗതന്നൂർ പറയുന്നത്, വിരൽസ്പർശം എന്നീ നോവലുകളിലും പിന്റോയുടെ കവിതകൾ, മകൾ, ആക്രി എന്നീ കവിതാസമാഹാരങ്ങളിലും ആ സർഗ്ഗവൈഭവത്തിന്റെ കൈയൊപ്പ് കാണാം. രോഗകാലയളവിലാണ് ഭരതന്നൂർ പറയുന്നത് എന്ന നോവൽ പിന്റോ പൂർത്തിയാക്കിയത്. ഭാര്യ ബെറ്റ്സി പിന്റോയിൽ നിന്ന് നോവൽ കേട്ടുപകർത്തുകയായിരുന്നു.