
വെള്ളറട: അമ്പൂരിയിൽ ബഫർ സോണിനെതിരെ ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിലും ജനകീയ സംഗമത്തിലും ആയിരക്കണക്കിനുപേർ പങ്കെടുത്തു. നിലവിലുള്ള ജെണ്ട വനാതിർത്തിയായി കണക്കാക്കി വനത്തിന്റെ അതിർത്തി നിശ്ചയിക്കുക, അമ്പൂരി പഞ്ചായത്തിലെ ജനവാസ മേഖലകളെ ഇ.എസ്.ഇസഡിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.പൂച്ചമുക്കിൽ നിന്ന് ആരംഭിച്ച റാലി അമ്പൂരി ജംഗ്ഷനിൽ അവസാനിച്ചു. തുടർന്നു ജനകീയ സംഗമം ചങ്ങനാശേരി അതി രൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. മനുഷ്യൻ തെരുവിൽ എറിയപ്പെടുന്നതിന് ന്യായീകരണമില്ലെന്നും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികാരികൾക്ക് ഉത്തരവാദിത്വമുണ്ടെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. യഥാർത്ഥ വസ്തുത കോടതിയെ ബോധ്യപ്പെടുത്തിയാൽ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യ പ്രഭാഷണം നടത്തി. ആക്ഷൻ കൗൺസിൽ അംഗം ജോസ് മാത്യു പോളയ്ക്കൽ ആക്ഷൻ കൗൺസിൽ രക്ഷാധികാരി ഫാ.ജേക്കമ്പ് ചീരം വേലിൽ, ഫാ. ഇക്ബാസ് ഡാനിയേൽ, ജില്ലാ കമ്മറ്റി അംഗം അൻസജിതാ റസൽ, കുടപ്പനമൂട് ഇമാം,അൽ അമീൻ അൽ ഖാസ്മി, ജയറാം ശർമ്മ, ബാദുഷ, തോമസ് മംഗലശ്ശേരി , അമ്പിളി ടി.പുത്തൂർ തുടങ്ങിയവർ സംസാരിച്ചു.