പൂവച്ചൽ: അജൻഡയിൽ ഉൾപ്പെടുത്തിയ വിഷയം മുഴുവൻ ചർച്ച ചെയ്‌ത് തീരുമാനം കൈക്കൊള്ളുന്നില്ലെന്നാരോപിച്ച്

പൂവച്ചൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തിനിടെ ബഹളം. ഇന്നലെ വൈകിട്ട് നടന്ന ചർച്ചയ്‌ക്കിടെയാണ് കോൺഗ്രസ് ആരോപണവുമായെത്തിയത്.

തർക്കം മൂത്തതോടെ പ്രസിഡന്റും ഭരണപക്ഷ അംഗങ്ങളും ഇറങ്ങിപ്പോയി. എന്നാൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ നടപടികൾ അവസാനിപ്പിക്കാൻ പറ്റില്ലെന്ന് വാദിച്ച് കോൺഗ്രസും തുടർന്ന് ബി.ജെ.പിയും പ്രതിഷേധിച്ചു. ഒടുവിൽ എട്ടംഗങ്ങളുള്ള കോൺഗ്രസിലെ ഏഴുപേരും ബി.ജെ.പിയിലെ ആറുപേരും വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. തുടർന്ന് ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഉറപ്പുനൽകിയതോടെയാണ് രംഗം ശാന്തമായത്.

താത്കാലിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ കുറച്ചുനാളുകളായി പഞ്ചായത്ത് യോഗത്തിൽ പ്രതിഷേധവും സെക്രട്ടറിയെ ഉപരോധിക്കലും ഉൾപ്പെടെ നടന്നത്. ഇന്നലെ യോഗത്തിൽ പ്രധാന വിഷയമായി തന്നെ നിയമനം ചർച്ച ചെയ്‌ത് തീരുമാനം നടപ്പാക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ കത്തുകളും അപേക്ഷകളും, താത്കാലിക നിയമനം, തെളിനീരൊഴുകും നവകേരളം എന്നിങ്ങനെ മൂന്ന് അജൻഡകളിൽ ആദ്യ അജൻഡ കഴിഞ്ഞ് രണ്ടാം അജൻഡയായി എടുത്തു വിഷയം പൂർണമായും ചർച്ചയ്‌ക്കെടുക്കാതെ യോഗം പിരിയാൻ തുടങ്ങിയതോടെ കോൺഗ്രസ് പ്രതിഷേധിച്ചു.

മൂന്നു നാലുതവണ താത്കാലിക നിയമനം അജൻഡയിൽ ഉൾപ്പെടുത്തിയെങ്കിലും പലകാരണങ്ങളിൽ സമയക്കുറവ് പറഞ്ഞു ഒഴിവാക്കുകയായിരുന്നെന്നും കോൺഗ്രസ് ആരോപിച്ചു. ശനിയാഴ്‌ചയും ഈ രിതി ആവർത്തിച്ചതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുള്ള താത്കാലിക ജീവനക്കാരുടെ ശമ്പളമുടക്കം മാത്രം ഒരിക്കൽ ചർച്ച ചെയ്‌ത് തീരുമാനമാക്കിയെന്ന് കോൺഗ്രസ് ആരോപിച്ചു.

എന്നാൽ നിലവിൽ ആവശ്യമില്ലാത്ത താത്കാലിക ജീവനക്കാരെ ഒഴിവാക്കാനും ജോലിയില്ലാതെ വേതനം നൽകുന്നത് ഒഴിവാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. തർക്കം മൂത്തതോടെയാണ് പ്രസിഡന്റും ഭരണകക്ഷി അംഗങ്ങളും ഇറങ്ങിപ്പോയത്. അതേസമയം ഗ്രാമ പഞ്ചായത്തിൽ ജീവനക്കാരുടെ കുറവുള്ള കാര്യം പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് സർക്കാരിലേക്ക് അയച്ചിരുന്നു. ഒരു ഓവർസിയറുടെയും ക്ലാർക്കിന്റെയും താത്കാലിക നിയമനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനാണ് പഞ്ചായത്ത് കമ്മിറ്റി ചേർന്നതെന്നും നിലവിലത്തെ താത്കാലിക ജീവനക്കാരുടെ ജോലി വിലയിരുത്തിയശേഷം ഇവരുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പ്രസിഡന്റ് ടി. സനൽകുമാർ പറഞ്ഞു.