1

പോത്തൻകോട് : സാമൂഹ്യക്ഷേമത്തിലും ഉന്നതവിദ്യാഭ്യാസരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സായിഗ്രാം കേരളയുടെ പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തോന്നയ്ക്കൽ സായിഗ്രാം ആശ്രമത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും സായിഗ്രാം ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിർമ്മിച്ച രജതജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. തികഞ്ഞ അർപ്പണബോധത്തോടെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും ആതുരസേവനരംഗത്തും 25 വർഷം പൂർത്തിയാക്കിയ സായിഗ്രാമിന്റെ സേവനരംഗത്തെ മികവ് മഹാ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ എടുത്ത് പറയേണ്ടതാണ്. അഞ്ച് ലക്ഷം വൃക്കരോഗികൾക്ക് സായിഗ്രാം കൈത്താങ്ങായത് ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ, മന്ത്രി ആന്റണി രാജു, കേരള സർവകലാശാല വൈസ് ചാൻസലർ വി. മഹാദേവൻപിള്ള, സി.എൻ. രാമചന്ദ്രൻ നായർ, എം.എൽ.എമാരായ വി. ശശി, കടകംപള്ളി സുരേന്ദ്രൻ, ഒ.എസ്. അംബിക, ജനപ്രതിനിധികളായ കെ. വേണുഗോപാലൻ നായർ, ജയശ്രീ, ഇടവിളാകം സുമ, ഡോ. വിജയൻ തുടങ്ങിയവർ സംസാരിച്ചു.