
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ഗ്രാമത്തിനുസമീപം കൃഷ്ണപുരം പനവിളയിൽ ടിപ്പർ ലോറി സ്കൂട്ടറിന് പിന്നിൽതട്ടി വൃദ്ധന് ദാരുണാന്ത്യം. ഭാര്യയ്ക്ക് ഗുരുതര പരിക്ക്. ബാലരാമപുരം നെല്ലിവിള വിളയിൽ താമസിക്കുന്ന കോട്ടയ്ക്കൽ മഞ്ചവിളാകം മേലേവലിയകാല തെക്കേവീട്ടിൽ ജോൺസൺ (72) ആണ് മരിച്ചത് . റോഡ് സൈഡിലേക്ക് തെറിച്ചുവീണ ഭാര്യ പുഷ്പലീല (65)മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഇന്നലെ 3 മണിയോടെയായിരുന്നു അപകടം.
ബാലരാമപുരത്ത് മകളുടെ വീട്ടിൽ താമസിക്കുന്ന ജോൺസണും ഭാര്യയും, കുവൈറ്റിൽ ജോലിയുളള മകൻ ഷൈനിന് കൊടുത്തുവിടാനുളള സാധനങ്ങൾ ഏല്പിക്കാൻ അമരവിളയിൽ താമസിക്കുന്ന വിദേശത്തുളള മകന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകവെയായിരുന്നു അപകടം. ഹോളോബ്രിക്സുമായി കേരളത്തിലെത്തി തിരിച്ചു പോകുകയായിരുന്ന തമിഴ്നാട് ടിപ്പർ സ്കൂട്ടറിന് പിന്നിൽ തട്ടിയതോടെ സ്കൂട്ടർ റോഡിന്റെ ഒരു വശത്തേയ്ക്കും ജോൺസൺ ടിപ്പറിനടിയിലേയ്ക്കും വീഴുകയായിരുന്നു. ജോൺസൺ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പുഷ്പലീലയ്ക്ക് തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റത്. ടിപ്പറിന്റെ ഡ്രൈവർ ഇറങ്ങിയോടി. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് മക്കൾ :പ്രസീദ, പ്രേംജിത്ത് (നഴ്സ്, എയിംസ്, ജമ്മു). ബൈജു, ദിവ്യ (നഴ്സ്, ഒമാൻ) എന്നിവർ മരുമക്കൾ.