തിരുവനന്തപുരം: സ്വകാര്യ ഇൻഷ്വറൻസ് കമ്പനിയുടെ നഗരത്തിലെ ഓഫീസിൽ തീപിടിത്തം. കമ്പ്യൂട്ടറുകളും എ.സി.യും ഫയലുകളും ഓഫീസ് ഉപകരണങ്ങളും കത്തി നശിച്ചു. ഫയർഫോഴ്സിന്റെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീകെടുത്തിയത്. നാശനഷ്ടം കണക്കാക്കിയിട്ടില്ല.
സ്റ്റാച്യുവിന് സമീപം വാൻറോസ് ജംഗ്ഷനിലെ മൂന്ന് നിലകളുള്ള ചക്രാ ടവേഴ്‌സിന്റെ രണ്ടാം നിലയിലാണ് ഇന്നലെ വൈകീട്ട് ആറിന് തീപിടിത്തമുണ്ടായത്. ജീവനക്കാർ ഓഫീസ് പൂട്ടിയിറങ്ങിയതിന് പിന്നാലെയാണ് തീപിടിത്തം സുരക്ഷാ ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ ചെങ്കൽച്ചൂള ഫയർഫോഴ്സിന്റെ ഓഫീസിൽ അറിയിക്കുകയായിരുന്നു. മുറിക്കുള്ളിൽ പുക നിറഞ്ഞിരുന്നതിനാൽ സേനാംഗങ്ങൾ ഗ്ലാസ് ഡോർ തകർത്താണ് അകത്തുകയറിയത്. മുറിയിൽ വെന്റിലേഷൻ സൗകര്യമില്ലാത്തതും ബുദ്ധിമുട്ടായി. പുകയെ പ്രതിരോധിക്കാൻ ബ്രീത്തിംഗ് അപ്പാരറ്റെസും ധരിച്ചിരുന്നു.
കവചം ധരിക്കാതെ അകത്തുകടന്ന അംഗങ്ങൾക്ക് കടുത്ത ശ്വാസംമുട്ടൽ അനുവഭപ്പെട്ടു. സ്റ്റേഷൻ ഓഫീസർ നിതിൻ രാജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മധു, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജശേഖരൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം സേനാംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു.