ആദ്യ സംരംഭത്തിലൂടെ തന്നെ ആർട്ട് ഒഫ് ജുവലറിയുടെ ജുവലേഴ്സ് തിങ്ക് ടാങ്കിന്റെ പവർ ഒഫ് യംഗ് പുരസ്കാരം നേടിയിരിക്കുകയാണ് നവ്യ.വലിയ അംഗീകാരമാണെങ്കിലും നവ്യ വളരെ സിമ്പിളാണ്

നവ്യ സുഹാസ്
ഒരു തരി പൊന്നെങ്കിലും ഇടാൻ ഇഷ്ടപ്പെടാത്ത സ്ത്രീകളുണ്ടാകില്ല. എന്നാൽ, സ്ത്രീകൾ മാത്രമല്ല എല്ലാവരും സ്വർണം ഒരു കരുതൽ ധനമായെങ്കിലും വാങ്ങി വയ്ക്കണമെന്നാണ് നവ്യ സുഹാസ് പറയുന്നത്. രണ്ട് കൊല്ലം മുൻപുവരെ ഭീമ കുടുംബത്തിലെ ഇളയ തലമുറക്കാരി നവ്യയെ ഏവരും തിരിച്ചറിയുക ഭീമ ഗോവിന്ദന്റെ കൊച്ചുമകൾ, സുഹാസിന്റെയും ഗായത്രിയുടെയും മൂത്തമകൾ എന്നൊക്കെയുള്ള പേരിലാകും. എന്നാൽ, ഇന്ന് ഭീമ എന്ന വലിയ ശൃംഖലയുടെ ഓൺലൈൻ മാർക്കറ്റിംഗ് ഹെഡാണ് നവ്യ. ആദ്യ സംരംഭത്തിലൂടെ തന്നെ ആർട്ട് ഒഫ് ജുവലറിയുടെ ജുവലേഴ്സ് തിങ്ക് ടാങ്കിന്റെ പവർ ഒഫ് യംഗ് പുരസ്കാരം നേടിയിരിക്കുകയാണ് നവ്യ.വലിയ അംഗീകാരമാണെങ്കിലും നവ്യ വളരെ സിമ്പിളാണ്. അംഗീകാരത്തിനർഹമായ,ഏറെ ചർച്ചചെയ്യപ്പെട്ട പരസ്യത്തെക്കുറിച്ചും മറ്റും നവ്യ കേരളകൗമുദിയോട് സംസാരിച്ചു.
കൊവിഡിനെ തുടർന്ന് നാട്ടിൽ വന്ന ശേഷം ഭീമയിൽ ഓൺലൈൻ മാർക്കറ്റിംഗിന്റെ കാര്യങ്ങൾ നോക്കുകയായിരുന്നു. അതിനിടെയാണ് ബ്രാൻഡിംഗ് ആഡ് ചെയ്യുന്ന സമയമായത്. നൂറു വർഷത്തെ പാരമ്പര്യമാണ് ഭീമയ്ക്കുള്ളത്. അതുകൊണ്ടു തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സന്ദേശം പങ്കുവയ്ക്കണമെന്ന് തോന്നി. ട്രാൻസ്ജെൻഡേഴ്സിന് കിട്ടുന്ന സമീപനം പോരെന്ന ചിന്ത ആദ്യമേ മനസിലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോസിറ്റീവായ ആശയം മനസിൽ തോന്നിയപ്പോൾ ആദ്യം അമ്മ ഗായത്രി സുഹാസിനോടാണ് പങ്കുവച്ചത്. അമ്മയ്ക്ക് ആശയം വളരെയധികം ഇഷ്ടമായി. തുടർന്ന് മറ്റുള്ളവരുമായി സംസാരിച്ച് പരസ്യം ചെയ്യാൻ തീരുമാനിച്ചു. ഡൽഹിയിലുള്ള ആനിമൽ എന്ന ആഡ് ഏജൻസിയാണ് പരസ്യം ചെയ്തത്. അവർ നിരവധി പേരുടെ പോർട്ട്ഫോളിയോ അയച്ചു തന്നെങ്കിലും ഞങ്ങളുടെ കണ്ണുടക്കിയത് ഡൽഹി സ്വദേശിയായ മീരം സിംഘാന എന്ന മോഡലിലേക്കായിരുന്നു. അവർ തന്റെ റോൾ മികച്ചതാക്കി. ഈ പരസ്യം ഒരു ട്രാൻസ്ജെൻഡറിന്റെ യാത്രയാണ്. അതിലെ പോസിറ്റീവ് വശമാണ്. അവളിലേക്കുള്ള യാത്രയിൽ തുടങ്ങി അവളുടെ വിവാഹത്തിൽ അവസാനിക്കുന്നു, അവളുടെ ഓരോ ചുവടിലും പിന്നിൽ ശക്തിയായി നിൽക്കുന്ന കുടുംബം. പരസ്യത്തിലൂടെ ഞങ്ങൾ പറയാൻ ആഗ്രഹിച്ചതും അതാണ് നിങ്ങൾ ആരാകാൻ തീരുമാനിച്ചാലും കുടുംബത്തിലെ ഒരാളെപ്പോലെ ഭീമ നിങ്ങൾക്കൊപ്പമുണ്ടാകുമെന്ന്. ആശയം കൃത്യമായി ജനങ്ങളിലെത്തിയതിൽ സന്തോഷമുണ്ട്. മിക്കവരും അഭിനന്ദനങ്ങളുമായി വിളിച്ചു. വളരെ സന്തോഷം തോന്നി. ഇത്തരത്തിൽ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഇനിയും ഭീമയിൽ നിന്നുണ്ടാകും.
അജ്ജ തന്ന പേന
പരസ്യത്തിന് അവാർഡ് വാങ്ങി തിരികെ വന്നപ്പോൾ അജ്ജ (അപ്പൂപ്പൻ ഭീമ ഗോവിന്ദനെ ചെറുമക്കൾ അജ്ജയെന്നാണ് വിളിക്കുന്നത്) എനിക്കായി ഒരു സമ്മാനം തന്നു. ഒരു പേന. അജ്ജ വർഷങ്ങളായി ഉപയോഗിക്കുന്ന ലക്കി പെൻ എന്ന് പറയുന്ന പേനയാണ് എനിക്കായി തന്നത്. വളരെ സന്തോഷം തോന്നി. മറ്റെന്ത് പുരസ്കാരങ്ങളെക്കാൾ വിലപിടിപ്പുള്ളതാണ് എനിക്ക് ആ പേന.
നൃത്തം
കുട്ടിക്കാലം മുതൽ താരാ കല്യാണിന്റെ നൃത്തവിദ്യാലയത്തിൽ ഞാൻ ഭരതനാട്യം പഠിച്ചിരുന്നു. പത്താം ക്ളാസായപ്പോഴാണ് അത് മുടങ്ങിയത്. പിന്നെ പഠിത്തവും തിരക്കുകളുമായി പോയി. ഇപ്പോൾ ഞാൻ ഗുജറാത്തിലെ അഞ്ജലി എന്ന ഗുരുവിനടുത്ത് കഥക് പഠിക്കുന്നു. അമ്മയും നൃത്തം പഠിച്ചയാളാണ്. പാട്ട് പഠിച്ചിട്ടുണ്ടെങ്കിലും കൂടുതൽ ഇഷ്ടം നൃത്തത്തോടാണ്.
അനുജത്തിയും ബനാന ബ്രഡും
കൊവിഡ് കാലം ദുരിതകാലമാണെങ്കിലും ചില നല്ല നിമിഷങ്ങൾ കൊവിഡ് ഞങ്ങൾക്ക് സമ്മാനിച്ചിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്കു ശേഷം ഞാനും പപ്പയും (സുഹാസ്) അമ്മയും ബാംഗ്ളൂരിൽ പഠിക്കുന്ന അനുജത്തിയും (മാന്യ സുഹാസ്) ഒരുമിച്ച് വീട്ടിലുണ്ടായിരുന്നത് കൊവിഡ് കാലത്താണ്. ഞങ്ങൾ ഒരുമിച്ച് അടുക്കളയിൽ കയറി പാചക പരീക്ഷണം നടത്തി. അനുജത്തിക്ക് കുക്കിംഗും ബേക്കിംഗും വളരെ ഇഷ്ടമാണ്. അവൾ ഞങ്ങൾക്കായി കപ്പ് കേക്കുകളും ബനാന ബ്രഡുമൊക്കെയുണ്ടാക്കി തന്നു. എന്തു രുചിയായിരുന്നെന്നോ. ആദ്യത്തെ രണ്ടുമൂന്നു മാസങ്ങൾ ഞങ്ങൾ നന്നായി ആസ്വദിച്ചു. പക്ഷേ എത്രനാൾ എന്ന അനിശ്ചിതത്വം പതുക്കെപ്പതുക്കെ ഞങ്ങളുടെയൊക്കെ ചിന്തയിൽ വന്നു. ഇനിയൊരു ദുരിത കൊവിഡ് കാലം വേണ്ടെന്നാണ് എന്റെ അഭിപ്രായം.
ഉത്തരേന്ത്യയിലൊന്നും ഞങ്ങൾക്ക് ഷോറൂം ഇല്ലെങ്കിലും ഓൺലൈൻ മാർക്കറ്റിംഗ് തുടങ്ങിയ ശേഷം അങ്ങ് കാശ്മീർ മുതൽ ഇങ്ങ് കന്യാകുമാരി വരെയുള്ളവർക്കും ഭീമയിലെ ഉത്പന്നങ്ങൾ എത്തിക്കാൻ കഴിഞ്ഞു എന്നതു തന്നെയാണ് ഏറ്റവും വലിയ ഗുണം. അതിൽ നിന്ന് ആളുകളുടെ ട്രെൻഡ് മനസിലാകും. ലൈറ്റ് വെയിറ്റായുള്ള ആഭരണങ്ങളാണ് കൂടുതൽ പേർ ആവശ്യപ്പെടുന്നത്. അത്തരം ആഭരണങ്ങൾക്കായി ഞങ്ങൾ നാലു വർഷം മുൻപ് യുവ എന്ന പേരിൽ കളക്ഷൻസ് ആരംഭിച്ചിരുന്നു. എനിക്കും ലൈറ്റായുള്ള യുണീക്കായ ആഭരണങ്ങളാണ് ഇഷ്ടം. ഓർണമെന്റ്സ് ഡിസൈനിംഗിലൊന്നും ഞാൻ ഇടപെടാറില്ല. നല്ല ഡിസൈൻ കണ്ടാൽ ആ അഭിപ്രായം അറിയിക്കാറുണ്ട് എന്നു മാത്രം.

മാതാപിതാക്കളായ സുഹാസിനും ഗായത്രിക്കും അനുജത്തി മാന്യയ്ക്കൊപ്പം നവ്യ
മുറകാമിയുടെ ആരാധിക
ജാപ്പനീസ് എഴുത്തുകാരൻ മുറകാമിയുടെ ആരാധികയാണ് ഞാൻ. നന്നായി വായിക്കുന്ന കൂട്ടത്തിലായിരുന്നു. ഇപ്പോൾ കുറെക്കാലമായി വായനയൊക്കെ നിന്നിരിക്കുകയാണ്. വീണ്ടും തുടങ്ങണം. യു.കെയിലെ ബിരുദാനന്തര ബിരുദ പഠനം വരുന്ന സെപ്തംബറിൽ പൂർത്തിയാകും. അതു കഴിഞ്ഞാൽ കുറച്ചു കാലം ലണ്ടനിൽ തന്നെ ജോലി നോക്കണമെന്നുണ്ട്. അതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അപ്പോഴേക്കും എന്റെ വായനയൊക്കെ വീണ്ടും തുടങ്ങണം. എന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ വിട്ടു തരുന്ന പപ്പയും അമ്മയും തന്നെയാണ് ഏറ്റവും വലിയ സപ്പോർട്ട്. എന്തു പഠിക്കണം, എന്തു ജോലി ചെയ്യണം എല്ലാം എന്റെ തീരുമാനത്തിന് വിട്ടിരിക്കുകയാണ് ഇരുവരും. സന്തോഷം വന്നാലും വിഷമം വന്നാലും ആദ്യം വിളിക്കുന്നത് അമ്മയെയാണ്. ഏത് വിഷമത്തിനുമുള്ള പരിഹാരം അമ്മയുടെ വാക്കുകളിലുണ്ടാകും.
സംസാര പ്രിയ
സംസാരിക്കാൻ വളരെയധികം ഇഷ്ടമുള്ളയാളാണ് ഞാൻ. ബന്ധങ്ങൾ അതിന്റെ പവിത്രതയോടും ദൃഢമായും നിലനിൽക്കണമെന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. എന്നാൽ, അതിനൊപ്പം നമ്മുടെ അഭിപ്രായങ്ങൾക്കും വിലയുണ്ടാകണം. അവനവനുവേണ്ടി സമയം മാറ്റിവയ്ക്കണം. നമ്മൾ ഇന്ത്യൻ സ്ത്രീകളിൽ ഉള്ള ഏറ്റവും വലിയ പ്രശ്നം ഇതാണ്. കുടുംബത്തിന്റെ അല്ലെങ്കിൽ ചുറ്റുമുള്ളവരുടെ സന്തോഷത്തിനായി ജീവിച്ച് സ്വന്തം സന്തോഷം മറക്കും. പക്ഷേ ഇപ്പോൾ കുറച്ചൊക്കെ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. എങ്കിലും ആ മാറ്റം ഓരോ വീട്ടിലും കണ്ടുതുടങ്ങണമെങ്കിൽ ഇനിയും കാലം ഏറെ പോകണമെന്ന് തോന്നുന്നു.
നിറത്തിലല്ല കാര്യം
തൊലിപ്പുറത്തെ നിറത്തിലോ അഴകളവുകളിലോ അല്ല ഒരു വ്യക്തിയെ വിലയിരുത്തേണ്ടത് എന്നാ
ണ് എന്റെ നിലപാട്. അത്തരം ബാഹ്യമായ ഒരു ആകർഷണീയതയിലും ഞാൻ വിശ്വസിക്കുന്നില്ല. അത്തരം ആശയങ്ങൾ കൂടി ഉൾക്കൊള്ളുന്നതാകണം നമ്മുടെ സന്ദേശങ്ങൾ എന്നതാണ് എന്റെ കാഴ്ചപ്പാട്. പെണ്ണായാൽ പൊന്നുവേണമെന്നല്ല, ആരായാലും പൊന്ന് ഒരു കരുതലായി വേണം എന്ന രീതിയിലേക്ക് ചിന്ത മാറിക്കഴിഞ്ഞു. നല്ല മാറ്റമാണത്. കൊവിഡ് പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ കൈയിലെ സ്വർണം സഹായിച്ചുവെന്ന് നിരവധി പേർ പറഞ്ഞ് കേട്ടിട്ടുണ്ട്. കരുതലായി ഒപ്പമുണ്ട് സ്വർണം എന്നതു തന്നെയാണ് ഒരു ശക്തി.
അഞ്ജയുടെ മിമിക്രിക്കുട്ടികൾ
ഞാനും മാന്യയും അമ്മയുടെ സഹോദരിയുടെ മക്കളായ സഹനയും പ്രേരണയും എല്ലാം കൂടി അജ്ജയുടെ വീട്ടിലെത്തിയാൽ പിന്നെ അമ്മമ്മയ്ക്കും അജ്ജയ്ക്കും കോളാണ്. അജ്ജയെ മിമിക്രി കാട്ടുകയാണ് ഞങ്ങളുടെ പ്രധാന പണി. സംസാരവും ഫോൺവിളിയുമൊക്കെ ഞങ്ങൾ അനുകരിക്കും. അവർ രണ്ടാളും അതെല്ലാം നിറഞ്ഞചിരിയോടെ ആസ്വദിക്കും.