മുടപുരം: സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമായി കിഴുവിലം പഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന വിജിലന്റ് ഗ്രൂപ്പിന്റെ പഞ്ചായത്ത് തല യോഗം പദ്ധതികൾക്ക് രൂപം നൽകി. 10 മുതൽ 15 വരെ അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള സംഘടനാസംവിധാനമാണ് വിജിലന്റ് ഗ്രൂപ്പ്.
കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള ലൈംഗിക അത്രിക്രമങ്ങൾ കണ്ടെത്തുന്നതിനും പൊതുജന പിന്തുണയുടെയും ജാഗ്രതാസമിതി, പഞ്ചായത്ത്, പൊലീസ്, എക്സൈസ്, വനിതാകമ്മിഷൻ, ബാലാവകാശ കമ്മിഷൻ, താലൂക്ക് ലീഗൽ സർവീസ് അതോറിട്ടി തുടങ്ങിയവയുടെ സഹായത്തോടെ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും അവബോധം സൃഷ്ടിക്കുകയുമാണ് ആദ്യഘട്ടം. കൂടാതെ വാർഡ് തലത്തിൽ യോഗം ചേർന്ന്‌ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും അവ നിയമപരമായി പരിഹരിക്കുന്നതിനും ഭാവിയിൽ അവർത്തിക്കാതിരിക്കുന്നതിനുമുള്ള നടപടികളും സ്വീകരിക്കും.
കൂന്തള്ളൂർ ഗവ. എൽ.പി. സ്കൂളിൽ നടന്ന യോഗം കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ. ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സ്വപ്ന അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ആർ. രജിത, സൈജ നാസർ, ആശാ, സി.ഡി.എസ്.വൈസ് ചെയർപേഴ്സൺ ശ്രീദേവി, കമ്മ്യൂണിറ്റി കൗൺസിലർ സജിനി,സി.ഡി.എസ് അംഗം സുനീതി എന്നിവർ പങ്കെടുത്തു.