
തനി നാടൻ ഭക്ഷണത്തിന്റെ ആളാണ് ഞാൻ. പ്രത്യേകിച്ച് അമ്മ പാചകം ചെയ്യുന്ന ഭക്ഷണമാണ് എനിക്കേറെ ഇഷ്‌ടം. മീൻ കറിയും കപ്പയും ആയിരുന്നു അമ്മയുടെ സ്‌പെഷ്യൽ. ഒരു പ്രത്യേക രുചിയാണ് അതിന്. എസ്.എഫ്.ഐ കാലത്തൊക്കെ വീട്ടിൽ പോകുന്നത് കുറവായിരുന്നു. സംഘടനാ പ്രവർത്തനം ആയിരുന്നു മുഖ്യം. സമരങ്ങളുടെ വാർത്തയൊക്കെ അറിയുമ്പോൾ അമ്മയ്‌ക്ക് ഇരിക്കപൊറുതി ഉണ്ടാകില്ല. വിവരം അന്വേഷിക്കാൻ അമ്മ അച്ഛനെ വിടും. അങ്ങനെ ഇടയ്‌ക്കിടെ പോയി അമ്മയെ കാണും. ഒറ്റക്കാവില്ല അപ്പോൾ പോവുക, എസ്.എഫ്.ഐ സഖാക്കളും കൂടെ കാണും. അവർക്കെല്ലാം അമ്മ വച്ചുവിളമ്പും. ഇപ്പോൾ അമ്മയുടെ പാചക പാരമ്പര്യം പിന്തുടരുന്നത് സഹോദരി കനകയാണ്.
ലാ അക്കാഡമിയിൽ പഠിക്കുമ്പോഴാണ് ചെറുവയ്‌ക്കലിൽ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് താമസം മാറിയത്. അന്ന് എസ്.എഫ്.ഐ ജില്ലാ നേതൃത്വത്തിലാണ് പ്രവർത്തിച്ചിരുന്നത്. എപ്പോഴും ഒരു സംഘം കൂടെയുണ്ടാകും. ഏറ്റവും വില കുറച്ച് ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളുണ്ട്. അതിൽ ഒന്നാണ് മണിയന്റെ തട്ടുകട. അവിടെനിന്ന് ദോശയും ഓംലെറ്റും കിട്ടും. പാർട്ടി ഓഫീസിന്റെ അടുത്ത് അഞ്ച് രൂപക്ക് ബീഫ് കിട്ടും. അത് വല്ലപ്പോഴും മാത്രമാകും കഴിക്കുക. ദാരിദ്ര്യത്തിനിടയിൽ ചിക്കനെ കുറിച്ചൊന്നും ചിന്തിക്കാൻ കഴിയില്ല. തോമസ് എബ്രഹാം കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ആയപ്പോൾ ടി.എ കിട്ടുമ്പോൾ കുശാലാണ്. അന്ന് സെക്കൻഡ് ഷോ സിനിമയും ബുഹാരിയിലെ മട്ടനുമാണ് സ്‌പെഷ്യൽ. തുടർന്ന് കിഴക്കേക്കോട്ടയിൽ നിന്ന് പാളയം വരെ നടക്കും. ആരെങ്കിലും ആഹാരം വാങ്ങിത്തരുമ്പോൾ ആഡംബരം പാളയത്തെ മലബാർ ഹോട്ടലായിരുന്നു. വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്നതാണ് അതൊക്കെ.ഇതൊന്നും വീട്ടിൽ അറിയില്ല,അറിയിക്കാറും ഇല്ല. വീട്ടിൽ വരുന്നത് തന്നെ അമ്മയുടെ ഭക്ഷണം കഴിക്കാൻ മാത്രമായിരുന്നു.
ഭക്ഷണം ആസ്വദിച്ച് കഴിക്കണമെന്നാണ് എന്റെ പക്ഷം. ഭക്ഷണം കഴിക്കൽ ഒരു കലയാണെന്ന് തോന്നിയിട്ടുണ്ട്. നന്നായി കഴിക്കുന്നവരുടെ കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്നത് ഇഷ്‌ടമാണ്. ഏറെ ഇഷ്ടം മീൻ വിഭവങ്ങളോടാണ്. മീൻ ഏതു രൂപത്തിൽ പാചകം ചെയ്‌താലും ഞാൻ കഴിക്കും. കടൽ മീൻ ആയാലും കായൽ മീൻ ആയാലും പുഴ മീൻ ആയാലും മീൻ വിഭവങ്ങൾക്ക് പകരമാവാൻ മാംസഭക്ഷണത്തിന് ആകില്ല.
പാർവതിയെ കല്യാണം കഴിക്കുമ്പോൾ ആ കുടുംബം ഒന്നാകെ ഏതാണ്ട് വേജിറ്റേറിയനായിരുന്നു. പിന്നീട് എനിക്ക് വേണ്ടിയാണ് അവിടെ നോൺ വെജ് സ്ഥിരമാകുന്നത്. അനേകം രാജ്യങ്ങളിൽ പോയിട്ടുണ്ട്. മേയർ ആയപ്പോഴാണ് അതിന് അവസരം കിട്ടിയത്. വ്യത്യസ്‌ത ഭക്ഷണങ്ങളും ധാരാളം കഴിച്ചിട്ടുണ്ട്. അതിൽ ചൈനയിലെ ഭക്ഷണമാണ് ഏറ്റവും സവിശേഷമായി അനുഭവപ്പെട്ടത്. പല കോഴ്സ് ആണ്. 24 കോഴ്സ് വരെയൊക്കെ പോകും. നമ്മുടെ മുളക് ചമ്മന്തി പോലെ ഒന്നാണ് അവർ സോസ് പോലെ തരുന്നത്. രുചികരവും രസകരവുമാണ് അവരുടെ ഭക്ഷണ രീതി.എത്ര വിശേഷപ്പെട്ട ഭക്ഷണം കിട്ടിയാലും നാട്ടിൽ മടങ്ങിയെത്തി നമ്മുടെ സ്വന്തം ആഹാരങ്ങളായ മീനും കപ്പയും ചക്കയുമൊക്കെ കഴിക്കുമ്പോഴാണ് സന്തോഷം.
തയ്യാറാക്കിയത്: സായ്‌കൃഷ്‌ണ.ആർ.പി