തിരുവനന്തപുരം: രണ്ട് വർഷം മുൻപ് വരെ പൂജപ്പുര ജില്ലാ ജയിലിന് മുന്നിലുള്ള പറമ്പിലേക്ക് കയറാൻ ആരുമൊന്ന് മടിക്കുമായിരുന്നു. മാലിന്യ നിറഞ്ഞ് ദുർഗന്ധം കാരണം മൂക്ക് പൊത്താതെ ഇവിടേക്ക് പോകാനാവില്ലായിരുന്നു. എന്നാൽ ഇന്നത് മാറി. ഈ മാറ്റം കണ്ടാൽ ആർക്കും വിശ്വസിക്കാനാവില്ലെന്ന് മാത്രം. 2020 പരിസ്ഥിതി ദിനത്തിൽ ജാപ്പനീസ് കൃഷി രീതിയായ മിയാവാക്കി മാതൃകയിൽ വനം വച്ച് പിടിപ്പിക്കുന്ന പദ്ധതിക്ക് പൂജപ്പുര ജില്ലാ ജയിലിൽ തുടക്കമായപ്പോൾ പദ്ധതി ഇത്രയും വിജയമാകുമെന്ന് ആരും കരുതിയിരുന്നില്ല. 20 സെന്റ് സ്ഥലത്താണ് ജയിൽ അധികൃതരും അന്തേവാസികളും ചേർന്ന് 1.5 ലക്ഷം രൂപ ചെലവിൽ വനം നിർമ്മിച്ചത്.
ആദ്യഘട്ടത്തിൽ വച്ചുപിടിപ്പിച്ച 1000 തൈകളും ഇടതൂർന്ന് വളർന്നു. വിവിധങ്ങളായ കാട്ടുമരങ്ങൾ, ഔഷധമരങ്ങൾ, ഫലവൃക്ഷങ്ങൾ, വ്യത്യസ്തയിനം മുളകൾ എന്നിവയെല്ലാം ഇവിടെ തണൽ വിരിക്കുന്നു. ജയിലുകളുടെ മാലിന്യം തള്ളി കൂമ്പാരമാകേണ്ടിയിരുന്നിടത്ത് ഇന്ന് കിളികൾക്ക് ചേക്കേറാനുള്ള ചെറുതും വലുതുമായി നിറയെ മരങ്ങളാണ്. പരിപാലനവും ജയിൽ അധികൃതരും തടവുകാരും ചേർന്ന് തന്നെ. വെള്ളമില്ലാതെ തൈകൾ വാടുന്ന ഘട്ടത്തിലാണ് ജലവിതരണത്തിനായി പുതിയ കിണറും സജ്ജീകരിച്ചത്. ഇന്നത് കുടിവെള്ളത്തിനും ഉപകരിക്കുന്നു. ജില്ലാ ജയിലിന്റെ മാതൃക പിന്തുടർന്ന് തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലും 2021ൽ പദ്ധതിക്ക് തുടക്കമിട്ടിരുന്നു. മുൻ ജില്ലാ ജയിൽ സൂപ്രണ്ടും നിലവിലെ സെൻട്രൽ സൂപ്രണ്ടായ ഡി.സത്യരാജാണ് മിയാവാക്കി ആശയത്തിന് തുടക്കമിട്ടത്. പിന്നാലെയെത്തിയ ജില്ലാ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജും വെൽഫെയർ ഓഫീസർ ഡി.ആർ. അജയകുമാർ പദ്ധതി മുറുകെ പിടിച്ചു. ബാക്കി സ്ഥലത്ത് വാഴയും, മരച്ചീനിയുമടക്കമുള്ളവയുടെ കൃഷിയും തുടങ്ങി. അസി.പ്രിസൺ ഓഫീസർ ബിനീഷിനാണ് വനത്തിന്റെയും കൃഷിയുടെയും പരിപാലന ചുമതല
മിയാവാക്കി വനം
അക്കിര മിയാവാക്കി എന്ന ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച വനവത്കരണ മാതൃകയാണ് മിയാവാക്കി വനം. തരിശ് ഭൂമിയിലോ ജലക്ഷാമം നേരിടുന്ന പ്രദേശത്തോ കൊച്ചു വനങ്ങൾ വളർത്തിക്കൊണ്ടു വന്ന് പരിസ്ഥിതിയെ തിരിച്ചു പിടിക്കുന്ന മാതൃക. നല്ല രീതിയിൽ നിലമൊരുക്കി അടുത്തടുത്ത് നടുന്ന സസ്യങ്ങൾ സൂര്യപ്രകാശത്തിനായി മത്സരിച്ച് വളർന്ന് പെട്ടെന്ന് കാടായി മാറുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. കുറഞ്ഞ സമയം കൊണ്ട് ചെറിയ സ്ഥലത്ത് കാടൊരുക്കാനുമാകും.
ചൂട് കുറയും
നഗരവനവത്കരണത്തിന് ഏറ്റവും അനുയോജ്യമായ രീതിയാണ് മിയാവാക്കി. ഇത് പച്ചപ്പ് മാത്രമല്ല, ചൂട് കുറയ്ക്കാനും ശുദ്ധവായു പ്രദാനം ചെയ്യാനും സഹായിക്കും. മണ്ണിന്റെ ജലസംഭരണശേഷി കൂട്ടാനും ഉപകരിക്കും.