പൂവാർ: തുഞ്ചത്തെഴുത്തച്ഛന്റെ 536-ാമത് ജന്മദിനാഘോഷം 30ന് തുഞ്ചൻ ഗ്രാമത്തിൽ (മണലുവിള) ആയില്യം നക്ഷത്ര മഹോത്സവമായി ആഘോഷിക്കുന്നതിന് തുഞ്ചൻ ഭക്തി പ്രസ്ഥാന പഠന കേന്ദ്രം തീരുമാനിച്ചു. 536 ദീപങ്ങൾ തെളിയിച്ചു കൊണ്ടും 536 പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തിയും, 536 നാക വൃക്ഷത്തൈകൾ (ആയില്യം നക്ഷത്രച്ചെടി) നട്ടും ആഘോഷിക്കുന്നതിനാണ് പഠന കേന്ദ്രം ജനറൽ സെക്രട്ടറി കെ. രംഗനാഥന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 'തുഞ്ചത്തെഴുച്ഛന്റെ ഭാഷാ, ഭക്തി, ജ്ഞാനം ' എന്ന വിഷയത്തെ അധികരിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാന തല സെമിനാർ സംഘടിപ്പിക്കും. 51 അക്ഷരങ്ങളെ സാക്ഷിയാക്കി 51 കവികളുടെ കാവ്യ സദസും, തുഞ്ചത്തെഴുത്തച്ഛൻ ശ്രേഷ്ഠ പുരസ്കാര സമർപ്പണവും നടക്കും. പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് എഴുത്തച്ഛൻ അക്കാഡമി ചെയർമാൻ ഡോ. ഇ.എ.സജികുമാർ ചെയർമാനായും മച്ചേൽ രാമചന്ദ്രൻ ജനറൽ കൺവീനറായും, പയന്തി സുരേഷ് പബ്ലിസിറ്റി കൺവീനറായും 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.