tipp

നെയ്യാറ്റിൻകര: ടി.ബി ജംഗ്ഷനിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ബസിൽ യാത്ര ചെയ്തിരുന്ന 20 ഓളം പേർക്ക് പരിക്ക് പറ്റി. ഞായറാഴ്ച രാത്രി 12.30 മണിയോടെയായിരുന്നു അപകടം. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരിങ്കല്ല് കയറ്റിവന്ന ടിപ്പർ ലോറിയും തിരുവനന്തപുരത്തുനിന്നു തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയിൽ ലോറി ഡ്രൈവർക്കും ബസിലെ 20ഓളം യാത്രക്കാർക്കും പരിക്ക് പറ്റി. ടിപ്പറിന്റെ മുൻവശം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ടിപ്പറിൽ നിന്ന് കരിങ്കല്ല് ഇറക്കി മാറ്റി ഇരുവാഹനങ്ങളെയും റോഡിൽ നിന്ന് നീക്കം ചെയ്തതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പൊലീസും ഫയർഫോഴ്സും ചേർന്ന് അപകടത്തിൽപ്പെട്ടവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.