തിരുവനന്തപുരം: സംസ്ഥാന ഭിന്നശേഷി കമ്മിഷണറും വികലാംഗക്ഷേമ കോർപറേഷൻ ചെയർമാനും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം മേധാവിയുമായിരുന്ന മെഡിക്കൽ കോളേജ് നവരംഗം ലെയ്ൻ മിനാറിൽ ഡോ.അഹമ്മദ് പിള്ള (74) അന്തരിച്ചു. സ്ട്രോക്കും അനുബന്ധരോഗങ്ങളും കാരണം ഒന്നരമാസത്തിലേറെയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ 2.15നായിരുന്നു അന്ത്യം.
കബറടക്കം കുമാരപുരം ജുമാമസ്ജിദിൽ നടന്നു. ഭാര്യ: ഷോഫി. മക്കൾ: ഡോ.എ.സനൂജ് (അസി.സർജൻ, പാറശാല താലൂക്ക് ആശുപത്രി), ഡോ.എ.ഷീന (അസോസിയേറ്റ് പ്രൊഫസർ, അസീസിയ മെഡിക്കൽ കോളേജ്). മരുമക്കൾ: ഷബാന, ഡോ.റിയാസ് (വൈസ് പ്രിൻസിപ്പൽ,അസീസിയ മെഡിക്കൽ കോളേജ്).
1995ലാണ് സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ ചെയർമാനായി സേവനമനുഷ്ഠിച്ചത്. 2000 - 2005, 2011-2017 കാലഘട്ടങ്ങളിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷണറായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡെപ്യൂട്ടി സൂപ്രണ്ടായും സേവനം അനുഷ്ഠിച്ചു. ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷന്റെ നാലാമത്തെ മേധാവിയായിരുന്നു. 2005ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം കോസ്‌മോ പൊളിറ്റൻ ആശുപത്രിയിൽ പ്രവർത്തിക്കുകയായിരുന്നു. തലസ്ഥാനത്ത് വികലാംഗരായ കിടപ്പുരോഗികൾക്കായി വീട്ടിലെത്തിയുള്ള പരിചരണം വ്യാപകമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.