
പാറശാല: പാറശാല റോട്ടറിക്ലബിന്റെ പുതിയ പ്രസിഡന്റായി ഡോ. എസ്.കെ. അജയ്യകുമാറും സെക്രട്ടറിയായി വി. അശോക് കുമാറും ചുമതലയേറ്റു. റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ നിയുക്ത റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ജി. സുമിത്രൻ സ്ഥാനാരോഹണ ചടങ്ങുകൾ നിർവഹിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് തന്നെ ഒരു വർഷം നീണ്ട് നിൽക്കുന്ന നിരവധി ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രമുഖ വ്യക്തികളെ ആദരിക്കുന്ന ചടങ്ങും നടന്നു. ' റോട്ടറി പ്രമേഹ പദ്ധതി ', നിർദ്ധന ഡയാലിസിസ് രോഗികൾക്ക് ഒരുലക്ഷം രൂപയുടെ സൗജന്യ ഡയാലിസിസ് നൽകുന്ന ' സഞ്ജീവനി പദ്ധതി, കുടുംബശ്രീ, മറ്റ് സന്നദ്ധ സംഘടനകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ' സ്‌തനാർബുദ നിർണയവും ബോധവത്കരണ പരിപാടികളും ഉൾപ്പെടുന്ന ' സിന്ദൂരം' പദ്ധതി, 3000 ഗവ.സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന സ്‌കൂൾ 'ആരോഗ്യ പദ്ധതിയായ ' അമൃതം ' പദ്ധതി, റോട്ടറി അംഗങ്ങളുടെയും മറ്റ് അനുബന്ധ പ്രവർത്തകരുടെയും ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുമായുള്ള ' ഹെൽത്തി റൊട്ടേറിയൻസ് ' പദ്ധതി എന്നിവയാണ് ഉദ്‌ഘാടനം ചെയ്‌തത്. പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മെമന്റോ വിതരണം, കൃഷി ആരോഗ്യ വകുപ്പുകളിൽ മികച്ച സേവനം നൽകിവരുന്ന പ്രമുഖ വ്യക്തികളെ ആദരിക്കൽ എന്നിവയും നടന്നു. സമീപ റോട്ടറി ക്ലബുകളിലെ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.