
വിഴിഞ്ഞം: തുറമുഖത്ത് കൂറ്റൻ വിദേശ പായ്ക്കപ്പൽ എത്തി. ലോക സഞ്ചാരത്തിനിടെ ഇന്ധനം, വെള്ളം, ഭക്ഷ്യധാന്യം എന്നിവ തീർന്നതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെ പഴയ വാർഫിൽ അടുപ്പിച്ചത്. 3 റഷ്യൻ സഞ്ചാരികളുമായി 'ചെലിയ ബിൻ' എന്ന പായ്‌ക്കപ്പൽ വിഴിഞ്ഞത്ത് അടുത്തത്. ഇൻഡോനേഷ്യയിൽ നിന്ന് യാത്ര തിരിച്ച് ഗോവയിലേക്കുള്ള യാത്രയ്ക്കിടെയാണ് റഷ്യൻ സഞ്ചാരികൾ ഇവിടെ എത്തിയത്. വ്ലാഡിമിർ(67), എവ്ഗ്നീനി(52), അലക്സി(43) എന്നിവരാണ് പായ്‌ക്കപ്പലിൽ ഉള്ളത്. പുറം കടലിൽ ശക്തമായ തിരയടി കാരണം ഇപ്പോൾ മുന്നോട്ടുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് ഏജൻസി അധികൃതർ പറഞ്ഞു. ഭക്ഷണ വസ്തുക്കളും വെള്ളവും ഇന്ധനവും തീർന്നതും കാലാവസ്ഥ മോശമായതും കാരണം അധികൃതരുടെ അനുവാദത്തോട് കൂടി പായക്കപ്പൽ വിഴിഞ്ഞം തുറമുഖത്തേക്ക് അടുപ്പിക്കുകയായിരുന്നു. രണ്ട് നിലകളുള്ള പായ്‌ക്കപ്പലിൽ ആഡംബര സൗകര്യമാണ് ഉള്ളത്.ഇന്ധനവും അവശ്യത്തിന് ഭക്ഷണവും ശേഖരിച്ചു കഴിഞ്ഞാൽ ഇന്ന് പായ്ക്കപ്പൽ തീരം വിടുമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം നെതർലൻഡ്സിൽ നിന്ന് ഒരു പായ്ക്കപ്പലിൽ വിഴിഞ്ഞത്ത് എത്തിയിരുന്നു.